തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പോലീസിൽ കീഴടങ്ങി. കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥി പൗഡിക്കോണം സ്വദേശി അമർ (21) ആണ് ഇന്ന് രാവിലെ കന്റോണ്മെന്റ് സിഐ. അനിൽകുമാറിന് മുൻപാകെ കീഴടങ്ങിയത്.
ഇയാൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു ഇതേ തുടർന്നാണ് പ്രതി പോലീസിൽ കീഴടങ്ങിയത്. ഇതോടെ കേസുമായി പിടിയിലായവരുടെ എണ്ണം പത്തായി.
അവശേഷിക്കുന്ന ഒൻപത് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിലെ പ്രധാന പ്രതികളും എസ്എഫ്ഐ നേതാക്കളുമായി ശിവരഞ്ജിത്ത്, നസിം എന്നിവർ ഇപ്പോഴും റിമാൻഡിലാണ്.