തിരുവനന്തപുരം: കോടതിക്കു പുറത്ത് ഉച്ചത്തിൽ സംസാരിച്ചതിന് പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിലെ പ്രതികളായ മുൻ എസ്എഫ്ഐ നേതാക്കൾക്ക് കോടതിയുടെ ശാസന. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ശാസിച്ചത്. റിമാൻഡ് കാലാവധി നീട്ടാനായി പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴാണ് സംഭവം.
തങ്ങളെ കാണാനെത്തിയ സുഹൃത്തുക്കളുമായി പ്രതികൾ ഉച്ചത്തിൽ സംസാരിച്ചത് കോടതി വളപ്പിൽ ബഹളത്തിന് കാരണമായി. ബഹളം ശ്രദ്ധയിൽപ്പെട്ട കോടതി ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. പ്രതികളെ ഉടൻതന്നെ കോടതി വരാന്തയിൽനിന്നും പോലീസ് മാറ്റി. കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 17 വരെ കോടതി നീട്ടുകയും ചെയ്തു.