തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ നേതാക്കൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന അവസാന പ്രതിയും കീഴടങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഹൈദറാണ് (21) ഇന്നലെ കന്റോണ്മെന്റ് പോലീസ് മുൻപാകെ കീഴടങ്ങിയത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്തതിനാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഹൈദറിന്റെ കീഴടങ്ങൽ.
പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലടക്കം പ്രതികളായ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസീമുമായിരുന്നു സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികൾ. കേസിൽ അറസ്റ്റിലായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെയുള്ളവർ നിലവിൽ ജാമ്യത്തിലാണ്. കേസിൽ ആകെ 19 പ്രതികളാണുണ്ടായിരുന്നത്.
കേസിലെ അവസാന പ്രതിയും പിടിയിലായതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ഇക്കഴിഞ്ഞ ജൂലൈ 12ന് ഉച്ചയ്ക്ക് എസ്എഫ്ഐ പ്രവർത്തകനായ രണ്ടാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ ഭാരവാഹികളായിരുന്നവർ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് പ്രധാന പ്രതികൾ പിടിയിലാവുകയും അതിന് ശേഷം മറ്റെല്ലാ പ്രതികളും കീഴടങ്ങുകയും ചെയ്തിരുന്നു. കേസിലെ പതിനഞ്ചാം പ്രതിയാണ് ഇപ്പോൾ കീഴടിങ്ങിയ ഹൈദർ. സംഭവത്തിനു ശേഷം ബംഗളൂരുവിലേക്കു കടന്ന ഇയാൾ അന്യസംസ്ഥനങ്ങളിൽ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.