മൂഡബിദ്രി (മംഗളൂരു): എണ്‍പതാമത് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മീറ്റിന് ഇന്ന് മൂഡബിദ്രിയില്‍ തുടക്കമാകും. ആറുവരെ നടക്കുന്ന മീറ്റില്‍ 4019 അത്ലറ്റുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. 2640 പുരുഷ അത്ലറ്റുകളും 1379 വനിതാ അത്ലറ്റുകളും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മംഗളൂരു സര്‍വകലാശാലയായിരുന്നു ജേതാക്കള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി കിരീടം മംഗളൂരുവിനെ വിട്ടുപോയിട്ടില്ല.
നാലാം കിരീടം ലക്ഷ്യമിട്ടാണ് മംഗളൂരു ഇത്തവണ ഇറങ്ങുന്നത്. 81 അത്ലറ്റുകളാണ് മംഗളൂരുവിനു വേണ്ടി ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുന്നത്. മംഗളൂരു സര്‍വകലാശാലയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ എംജിയും കാലിക്കട്ടുമുണ്ട്്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം എംജിക്കും മൂന്നാം സ്ഥാനം കാലിക്കട്ടിനുമായിരുന്നു. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായി ആറു തവണ ചാമ്പ്യന്മാരായ എംജിക്ക് കിരീടം നഷ്ടപ്പെട്ടത് നാലു പോയിന്റിന്റെ വിത്യാസത്തില്‍ ആയിരുന്നു.
കിരീടം നേടാന്‍ എംജിയും കാലിക്കട്ടും
68 പേര് ഉള്‍പ്പെടുന്ന എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് സംഘമാണ് കിരീടം ലക്ഷ്യമിട്ട് മൂഡബിദ്രിയില്‍ എത്തിയിരിക്കുന്നത്. 30 പുരുഷ അത്ലറ്റുകളും 38 വനിതാ അത്ലറ്റുകളുമാണ് ടീമിലുള്ളത്. വനിതാ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയുമായി സ്നേഹ (ലോംഗ് ജംപ്), നിവ്യ ആന്റണി (പോള്‍വാള്‍ട്ട്), സാന്ദ്ര ബാബു, ലിസറ്റ് കരോളിന് (ട്രപ്പിള്‍ ജംപ്), അഞ്ജലി ജോസ് (400 മീറ്റര്‍ ഹര്‍ഡില്‍സ്), പി.ആര്. അലീഷ (800, 1500 മീറ്റര്‍ ), ഗായത്രി ശിവകുമാര്‍ (ഹൈജംപ്), കെ.പി. എമിലി (400) എന്നിവരാണ് ട്രാക്കിലിറങ്ങുന്നത്. വനിതാ വിഭാഗം റിലേയിലും മെഡല്‍ നേടുമെന്ന പ്രതീക്ഷയുണ്ട്്.
പുരുഷവിഭാഗത്തില്‍ സെബി തോമസ് (ലോംഗ്ജംപ്), എ.കെ. സിദ്ധാര്‍ഥ് (പോള്‍വാള്‍ട്ട്), ഓംകാര്‍ നാഥ് (100 മീറ്റര്‍), ടി.വി. അഖില്‍ (ലോംഗ്ജംപ്) എന്നിവരിലാണ് മെഡല്‍ പ്രതീക്ഷ. തങ്കച്ചന് മാത്യു, പി.സി. പോള്‍, ജിമ്മി, ജഗദീഷ് ആര്. കൃഷ്ണ, ബൈജു ജോസഫ്, ജോര്‍ജ് ഇമ്മാനുവല്‍, സതീഷ് കുമാര്‍, ബിബിന്‍ ഫ്രാന്‍സീസ്, ഉണ്ണികൃഷ്ണന് നായര്‍ എന്നിവരാണ് ടീമിന്റെ പരിശീലകര്‍.
66 അംഗ അത്ലറ്റിക് സംഘവുമായാണ് കിരീടം നേടാന്‍ കാലിക്കട്ട് സര്‍വകലാശാല എത്തിയിരിക്കുന്നത്. 38 പുരുഷ അത്ലറ്റുകളും 28 വനിതാ അത്ലറ്റുകളുമാണ് സംഘത്തിലുള്ളത്.
വനിതാ വിഭാഗത്തില്‍ ഒളിന്പ്യന്‍ ജിസ്ന മാത്യു (400 മീറ്റര്‍), ബവിത (1500 മീറ്റര്‍, 800),അബിത മേരി മാനുവല്‍ (800 മീറ്റര്‍, 400), സാഫ് ഗെയിംസില്‍ മെഡല്‍ നേടിയ എം.ജിഷ്ണ (ഹൈജംപ്), അഞ്ജലി ഫ്രാന്‍സീസ് (പോള്‍വോള്‍ട്ട്) എന്നിവരിലാണ് മെഡല്‍ പ്രതീക്ഷ.
പുരുഷ വിഭാഗത്തില്‍ ജിയോ ജോസ് (ഹൈജംപ്), ഗോഡ്വിന് ഡാമിയേല്‍ (പോള്‍വോള്‍ട്ട്), അലക്സ് പി. തങ്കച്ചന് (ഡിസ്കസ് ത്രോ), മനോജ് (3000 മീറ്റര്‍), ആദര്‍ശ് ഗോപി (1500 മീറ്റര്‍), ഷെറിന് (800 മീറ്റര്‍) എന്നിവരാണ് പ്രതീക്ഷ. റിലേ ഇനങ്ങളിലും മെഡല്‍ പ്രതീക്ഷയുണ്ട്. വാള്‍ട്ടര്‍ ജോണ്‍, പിന്റോ ജെ. റെബല്ലോ, സേവ്യര്‍ പൗലോസ്, ഗീഷ് കുമാര്‍ എന്നിവരാണ് പരിശീലകര്‍.
കേരള യൂണിവേഴ്സിറ്റിക്കു വേണ്ടി 22 അത്ലറ്റുകളും കണ്ണൂര്‍ സര്‍വകലാശാലയ്ക്കായി 32 അത്ലറ്റുകളും കേരള ആരോഗ്യ സര്‍വകലാശാലകള്‍ക്കു വേണ്ടി 15 അത്ലറ്റുകളും മത്സരത്തിനിറങ്ങുന്നുണ്ട്.
ഹാഫ് മാരത്തണ്‍ ഫുൾ ആക്കി: മത്സരാര്‍ഥികള്‍ പരാതി നല്കി
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല മീറ്റില്‍ മാരത്തണ്‍ മത്സരത്തിനെതിരേ പരാതി. ഹാഫ് മാരത്തണ്‍ ആയിരുന്നു മത്സര വിഭാഗത്തില്‍ ഉള്ളത്. 21 കിലോ മീറ്ററാണ് ഹാഫ് മാരത്തണ്‍. ഇതിനുള്ള തയാറെടുപ്പുമായാണ് മത്സരാര്‍ഥികള്‍ എത്തിയത്. എന്നാല്‍, ഇവിടെയെത്തിയപ്പോള്‍ പറഞ്ഞത് ഫുള്‍ മാരത്തണ്‍ ആണ് നടത്തുന്നതെന്നാണ്.
അതായത്, 42 കിലോമീറ്റര്‍ ഓടണം. നിശ്ചയിച്ച പരിധിയേക്കാളും ഇരട്ടി. ഇതിനുള്ള തയാറെടുപ്പുകള്‍ മത്സരാര്‍ഥികള്‍ നടത്തിയിട്ടുമില്ല. ഇതിനെതിരേ സര്‍വകലാശാലാ അത്ലറ്റ് ടീ മാനേജര്‍മാര്‍ പരാതികള്‍ നല്‍കിക്കഴിഞ്ഞു. ആറിനാണ് മാരത്തണ്‍ മത്സരം.
റെനീഷ് മാത്യു