ഓസ്റ്റിൻ: അമേരിക്കയിലെ നൂറില്‍പരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിന് (UNIBEES) ഇന്ത്യൻ വിദ്യാർഥികൾ രൂപം നൽകി.
യുണിബീസ് ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ബിസിനസ് സ്കൂൾ വിദ്യാർഥികളായ അഭിനവ് വർമ, ചന്ദ്ര കിരണ്‍ എന്നിവരാണ് ഇതിനു പുറകിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങൾ. യുടി ടെക്സസിൽ ഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിംഗ്ടണ്‍, ടെക്സസ് എ ആൻഡ് എം തുടങ്ങിയ സ്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും പിന്നീട് നൂറോളം യൂണിവേഴ്സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് വികസിപ്പിക്കുകയായിരുന്നു.
ആദ്യ നാലു കാന്പസുകളിൽ മാത്രം 12,000 വിദ്യാർഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിന്റെ മുഖ്യശിൽപിയായ അഭിനവ് വർമയെ ഫ്യൂച്ചർ സിഇഒ അവാർഡ് നൽകി നവീൻ ജിൻഡാൾ സ്കൂൾ ഓഫ് മാനേജ്മെന്റ് ആദരിച്ചിരുന്നു.യുണിബീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നവേഷൻ 25,000 ഡോളറിന്റെ ഗ്രാന്റും നൽകിയിട്ടുണ്ട്.
ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ യുണിബീസ് മൊബൈൽ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ