തെരഞ്ഞെടുപ്പ് അടുത്തതോടെ യൂണിവേഴ്‌സിറ്റി കോളജില്‍ അടി തുടങ്ങി! എഐഎസ്എഫ് ജില്ലാ ഭാരവാഹിയെ തടഞ്ഞുവച്ചു; ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു

universityതിരുവനന്തപുരം : വനിതകള്‍ ഉള്‍പ്പെടെയുള്ള എഐഎസ്എഫ് നേതാക്കള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഈ മാസം ഒമ്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളജില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എഐഎസ്എഫ് പ്രതിനിധിക്കും നേതാക്കള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ മൂന്നാംവര്‍ഷ  ബിരുദ വിദ്യാര്‍ഥി മണിമേഘലയെ പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ എസ്്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് അടിച്ചു താഴെയിട്ടു. നാമനിര്‍ദേശ പത്രിക കീറിയെറിഞ്ഞു. തുടര്‍ന്ന് മണിമേഘലയെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ മുറിയില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടു. ഒപ്പംപോയ എഐഎസ്എഫ് ജില്ലാ ഭാരവാഹിയായ ലിസ്‌നയെ കോളജിനു പുറത്തിറങ്ങാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ലിസ്‌നെ മര്‍ദിക്കുകയും വളഞ്ഞുവച്ച് അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.  എഐവൈഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി അംഗം അജിത്തിന്റെ ഭാര്യയാണ് മണിമേഘല.

സംഭവമറിഞ്ഞ് യൂണിവേഴ്‌സിറ്റി കോളജിനു മുന്നിലെത്തിയ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹരിന്‍ ബാബു, ജില്ലാ സെക്രട്ടറി അരുണ്‍ ബാബു (26) , വൈസ് പ്രസിഡന്റ് വിനീത് തമ്പി (24) , കേരള സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറി നന്ദുരാജ് എന്നിവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇവരെ കോളജിനുള്ളിലേക്ക് ബലമായി വലിച്ചുകൊണ്ടുപോയാണ് മര്‍ദിച്ചത്.  വിനീത് തമ്പി, നന്ദുരാജ്, അരുണ്‍ബാബു എന്നിവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. അരമണിക്കുറോളം തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്ന് എഐഎസ്എസ്എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എഐഎസ്എഫ് നേതാക്കളെ മോചിപ്പിച്ചത്. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിനീത് തമ്പി, ലിസ്‌ന എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സംഘപരിവാര്‍ ഫാസിസത്തിനെതിരെ യൂണിവേഴ്‌സിറ്റി കോളജിനുസമീപമുള്ള സെനറ്റ് ഹാളില്‍ ഇടതുപക്ഷ അധ്യാപവിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൂട്ടായ്മയ്ക്കുശേഷമാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം സഖ്യകക്ഷിയില്‍നിന്നും കടുത്ത മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐയുടെ നടപടി ജനാധിപത്യ കശാപ്പാണെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി സുബേഷ് സുധാകരന്‍ പ്രതികരിച്ചു. എസ്എഫ്‌ഐ ജില്ലാ നേതാക്കളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്കെതിരെ എസ്എഫ്‌ഐ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു വിദ്യാര്‍ഥിനി നിര്‍ബന്ധിച്ച് കൊണ്ടുവന്നതാണ് തര്‍ക്കങ്ങള്‍ക്കു വഴിവെച്ചതെന്നു എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ പറഞ്ഞു. പുറത്തുനിന്ന് വന്ന എഐഎസ്എഫ് നേതാക്കള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികളുടെ സ്വാഭാവിക പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ദിവാകരന്‍ എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ തുടങ്ങിയവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.

Related posts