തൃശൂർ: ഓണത്തിന് അക്രമം കാണിക്കാനെത്തിയ ഗുണ്ടകളെ തൃശൂർ സിറ്റി പോലീസ് പിടികൂടി ജയിലിലടച്ചു.
ഓണാഘോഷത്തിനിടെ അക്രമം കാണിക്കാൻ എത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്നു കൊടും കുറ്റവാളികളെയാണ് പോലീസ് പിടികൂടിയത്.
തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്റോ ബാബു(31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിന്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണു കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്.
ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു.
വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ആറു അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു.
കഞ്ചാവ് കൈവശംവച്ച് വില്പന നടത്താൻ ശ്രമിച്ചതിനും മറ്റ് ഇതര മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 10 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതുകൂടാതെ ഓണാഘോഷത്തിന് അക്രമമുണ്ടാക്കാൻ സാധ്യതയുള്ള 13 പേരെ അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി.
മദ്യപിച്ച് വാഹനമോടിച്ചതിനു 128 പേരാണു പോലീസ് പിടിയിലായത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ അറിയിച്ചു.