കോവിഡിനു പിന്നാലെ അജ്ഞാത ഹെപ്പറ്റൈറ്റിസ് രോഗം ലോകത്ത് പടരുന്നു. ഇതിനോടകം 11 രാജ്യങ്ങളിലേക്ക് പടര്ന്ന രോഗം ഒരു കുട്ടിയുടെ ജീവനെടുക്കുകയും ചെയ്തു.
ഒരു മാസം മുതല് 16 വയസുവരെ പ്രായമുള്ള 169 കുട്ടികള് ഇതുവരെ രോഗബാധിതരായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന നല്കുന്ന വിവരം. ഇവരില് ഏറെയും ബ്രിട്ടനിലുള്ളവരാണ്.
കരളിനെ ഗുരുതരമായി ബാധിക്കുന്ന അപൂര്വ ഇനം ഹെപ്പറ്റൈറ്റിസ് വകഭേദമാണ് ഇപ്പോള് വ്യാപിക്കുന്നത്.
സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയില്നിന്ന് വ്യത്യസ്തമാണിത്. പുതിയ വകഭേദത്തിന്റെ കാരണം ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
എന്നാല് അതിനുള്ള പരിശ്രമങ്ങള് ഊര്ജിതമായി നടക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
ഒരു മരണത്തിനു പുറമേ, 17 കുഞ്ഞുങ്ങള്ക്ക് കരള് മാറ്റിവയ്ക്കേണ്ട സാഹചര്യം കൂടി ഉണ്ടായിരിക്കുന്നതിനാല് ലോകരാജ്യങ്ങള് അതീവ ജാഗ്രതയിലാണ്.
യു.എസ്, ഇസ്രയേല്, ഡെന്മാര്ക്ക്, അയര്ലന്ഡ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ തോതില് രോഗം വ്യാപിച്ചിട്ടുണ്ട്.
വയറുവേദന, വയറിളക്കം, കടും നിറത്തിലുള്ള മൂത്രം, പനി, വിശപ്പില്ലായ്മ, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.
നേരിയ തോതിലേ രോഗപ്പകര്ച്ച ഉണ്ടായിട്ടുള്ളുവെങ്കിലും രോഗബാധിതര് കുട്ടികളാണെന്നത് ആശങ്ക വര്ധിപ്പിക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര് അഭിപ്രായപ്പെടുന്നു.
രാജ്യാന്തര യാത്രകളും മറ്റും രോഗം പടരാന് കാരണമാകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. എന്തായാലും കോവിഡ് വ്യാപനത്തിനിടെ ഇരട്ടപ്രഹരമാവുകയാണ് പുതിയ ഹെപ്പറ്റൈറ്റിസ്…