ചിങ്ങവനം: പിപിഇ കിറ്റ് ധരിച്ചു മാലഖയെപ്പോലെത്തി തങ്ങളെ സഹായിച്ചു മടങ്ങിയ, മുഖം തിരിച്ചറിയാത്ത ഇലക്ട്രീഷ്യനു നന്ദി പറഞ്ഞ് ഒരു കുടുംബം. അതിനു കാരണമായതിൽ നിറ പുഞ്ചിരിയോടെ പഞ്ചായത്ത് പ്രസിഡന്റ്.
കടുവാക്കുളം സെറ്റിൽമെന്റ് കോളനിയിലെ 75കാരിയായ വീട്ടമ്മയും മകനും മകന്റെ ഭാര്യയും അവരുടെ മകളും മൂന്നു വയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബമാണ് കോവിഡ് ബാധിച്ചു ക്വാറന്റൈനിൽ കഴിയുന്ന സമയത്തു തങ്ങളെ സഹായിക്കാനെത്തിയവരോട് അകമഴിഞ്ഞ നന്ദി പറയുന്നത്.
ഹൃദ്രോഗിയായ 75 കാരിയും മകനും മകന്റെ ഭാര്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയ്ക്കു വീട്ടിൽ വൈദ്യുതി നിലച്ചപ്പോൾ താമസിയാതെ വരും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
വൈകുന്നേരം അയൽ വീടുകളിലെല്ലാം വെളിച്ചം എത്തിയപ്പോഴും തങ്ങളുടെ വീട് ഇരുട്ടിൽ കിടന്നതോടെയാണ് ഇവർ വിഷമാവസ്ഥയിലായത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും കോവിഡിന്റെ ഭീതി പലരേയും പിൻവലിച്ചു.
വാർഡ് മെന്പറും പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ ആനി മാമ്മൻ കാര്യങ്ങളറിഞ്ഞ് വൈദ്യുതി ഓഫീസിലെത്തി വിവരം അറിയിച്ചു.
ജീവനക്കാരുടെ പരിശോധനയിൽ തകരാറ് വീട്ടിനുള്ളിലെന്നത് കണ്ടെത്തിയെങ്കിലും കോവിഡ് രോഗികളുള്ള വീട്ടിൽ കയറുന്നത് വെല്ലുവിളിയായി മാറി. പല ഇലക്ട്രീഷ്യൻമാരെ ബന്ധപ്പെട്ടെങ്കിലും കോവിഡ് പേടിച്ച് ആരും വന്നില്ല. പിന്നീട് പ്രസിഡന്റ് ഒരാളെ കണ്ടെത്തി.
പിപിഇ കിറ്റ് ധരിച്ച് പേരു വെളിപ്പെടുത്തരുതെന്നുള്ള ധാരണയിലെത്തിയ ഇലക്ട്രീഷ്യൻ തകരാറ് പരിഹരിച്ചപ്പോൾ ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെട്ടു.
സങ്കടകരമായ സമയത്ത് പിപിഇ കിറ്റ് ധരിച്ചെത്തി തങ്ങളെ സഹായിച്ച ഇലക്രട്രീഷ്യനോടും അതിനു കാരണമായ പഞ്ചായത്ത് പ്രസിഡന്റിനോടും നന്ദി പറയുകയാണ് വീട്ടുകാർ.