മുക്കം: വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും അജ്ഞാത ഫോൺ നമ്പറിൽ നിന്ന് വാട്സാപ്പ് വഴി അശ്ലീലത നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി.
കാരശേരി പഞ്ചായത്തിലെ ആനയാംകുന്ന് പ്രദേശത്തെ സ്ത്രീകൾക്കാണ് സൈബറിടത്തിൽ ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്. മെസേജുകൾക്ക് മറുപടിയും സ്വന്തം ഫോട്ടോയും നൽകിയില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന അവസ്ഥയുമുണ്ട്.
ശനിയാഴ്ച രാവിലെയാണ് ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്ക് ആദ്യം വാട്സാപ്പിൽ സന്ദേശം വന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ആനയാംകുന്ന് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് കൂട്ടുകാരികൾക്ക് മെസേജ് അയച്ചതായി ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്.
തന്റെ കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയയ്ക്കുന്നത് താനല്ലെന്ന് വിളിച്ച് പറയുകയും ചെയ്യുകയായിരുന്നു.
അപ്പോഴേക്കും നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചു വെന്നും വിദ്യാർഥിനി പറഞ്ഞു.
ഇതിനോടകം നിരവധി വിദ്യാർഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും മെസേജുകളും അശ്ലീല മെസേജുകളും വന്നു തുടങ്ങിയിട്ടുണ്ട്.
ആനയാംകുന്ന് സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് വീഡിയോ കോൾ വന്നതായും പരാതിയുണ്ട്. ഇവർ മുക്കം പോലീസിലും സൈബർസെല്ലിനും പരാതി നൽകി.