അജിത്ത് ജി. നായര്‍
ക്രിക്കറ്റ് ഉള്ളിടത്തോളം നിലനില്‍ക്കുന്ന പേരാണ് സച്ചിന്‍ തെണ്ടുല്‍ക്കറിന്റേത്. ക്രിക്കറ്റിലെ ഒട്ടുമിക്ക റിക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച സച്ചിന്‍ ക്രിക്കറ്റ് പ്രേമികളുടെ മാത്രമല്ല രാജ്യമെമ്പാടുമുള്ള കായികപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചതിനു ശേഷമാണ് വിരമിച്ചത്. സച്ചിന്റെ ക്രിക്കറ്റ് റിക്കാര്‍ഡുകള്‍ തിരഞ്ഞു പോവുന്നവര്‍ക്ക് വളരെയെളുപ്പത്തില്‍ അതു ലഭിക്കുമായിരിക്കും. എന്നാല്‍ സച്ചിനേക്കുറിച്ച് അധികം ആരും അറിഞ്ഞിരിക്കാന്‍ ഇടയില്ലാത്ത ചില കാര്യങ്ങളുണ്ട്.
സച്ചിന്‍ തെണ്ടുല്‍ക്കറിന് ”സച്ചിന്‍” എന്ന പേര് ലഭിച്ചതെങ്ങനെയെന്ന കാര്യം അധികം ആര്‍ക്കും അറിയല്ല. ഇതിഹാസ സംഗീതകാരന്‍ എസ്.ഡി ബര്‍മന്റെ കടുത്ത ആരാധകനായിരുന്നു പിതാവ് രമേഷ് തെണ്ടുല്‍ക്കര്‍. സച്ചിന്‍ ദേവ് ബര്‍മന്‍ എന്ന എസ്. ഡി ബര്‍മനോടുള്ള ആദര സൂചകമായി മകന് സച്ചിന്‍ എന്ന പേര് നല്‍കുകയായിരുന്നു.
രഞ്ജി ട്രോഫി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും സച്ചിനാണ്. തന്റെ 14-ാം വയസിലാണ് സച്ചിന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്.
ചെറുപ്പകാലത്ത് ഫാസ്റ്റ് ബൗളര്‍ ആവുകയെന്നതായിരുന്നു സച്ചിന്റെ മോഹം. എന്നാല്‍ ഈ ആഗ്രഹവുമായി 1987ല്‍ ചെന്നൈയിലെ എംആര്‍എഫ് പേസ് അക്കാദമിയിലെത്തിയ സച്ചിനെ ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസ് ബൗളര്‍ ടെന്നീസ് ലില്ലി മടക്കി അയയ്ക്കുകയായിരുന്നു.
ബാറ്റു ചെയ്യുന്നതും ബോള്‍ ചെയ്യുന്നതും വലതുകൈ കൊണ്ടാണെങ്കിലും സച്ചിന്‍ എഴുതുന്നത് ഇടതു കൈ കൊണ്ടാണ്.
തോല്‍ക്കുന്ന ടീമില്‍ നിന്ന് ഏറ്റവുമധികം തവണ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ താരവും സച്ചിനാണ്. ആറു തവണയാണ് സച്ചിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്.
ഇരുപത് വയസിനുള്ളില്‍ സച്ചിന്‍ നേടിയ അഞ്ച് ടെസ്റ്റ് സെഞ്ചുറികളുടെ റിക്കാര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല.
ലോകകപ്പില്‍ 2000ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള ഏക ബാറ്റ്‌സ്മാനും സച്ചിനാണ്. 45 മത്സരങ്ങളില്‍ നിന്നു 2,278 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. രണ്ടു ലോകകപ്പുകളില്‍ ടോപ്‌സ്‌കോററാവാനും സച്ചിനു കഴിഞ്ഞു. 1996ല്‍ 523 റണ്‍സും 2003ല്‍ 673 റണ്‍സും നേടിയാണ് സച്ചിന്‍ ടോപ്‌സ്‌കോററായത്. 673 റണ്‍സിന്റെ റിക്കാര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.
ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി അനില്‍ കുംബ്ലെ ഐതിഹാസിക നേട്ടം കൈവരിച്ച് ഫിറോസ്ഷാ കോട്‌ല ടെസ്റ്റില്‍ സച്ചിന്റെ അന്ധവിശ്വാസവും ശ്രദ്ധ പിടിച്ചുപറ്റി. കുംബ്ലെ ഓവര്‍ ചെയ്യാന്‍ വരുന്നതിന് മുമ്പ് സച്ചിന്‍ കുംബ്ലെയുടെ തൊപ്പിയും സ്വെറ്ററും ഊരി അംപയറെ ഏല്‍പ്പിക്കുന്നതു കാണാമായിരുന്നു. സച്ചിന്‍ ഇങ്ങനെ ചെയ്ത ഓരോ തവണയും കുംബ്ലെ ഓരോ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
1990ല്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും സച്ചിനെത്തേടിയെത്തി. അന്ന് സച്ചിന് സമ്മാനമായി ഒരു ബോട്ടില്‍ ഷാംപെയ്‌നും ലഭിച്ചു. എന്നാല്‍ അന്ന് പതിനെട്ടു തികഞ്ഞിട്ടില്ലാഞ്ഞതിനാല്‍ ഷാംപെയ്ന്‍ ഉപയോഗിക്കാന്‍ സച്ചിന് അനുവാദമില്ലായിരുന്നു. അന്നു സൂക്ഷിച്ചുവച്ച ഷാംപെയ്ന്‍ 1998ല്‍ മകളുടെ ആദ്യ പിറന്നാളിനാണ് സച്ചിന്‍ തുറന്നത്.
ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലമുള്ള സച്ചിന് ഉറക്കത്തില്‍ സംസാരിക്കുന്ന ശീലവുമുണ്ട്.
സച്ചിന്‍ പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്. ആര്‍ക്കും അറിവില്ലാത്ത ഇക്കാര്യം സത്യമാണ്. 1988ല്‍ മുംബൈയില്‍ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യയായിരുന്നു എതിരാളികള്‍. പാക്കിസ്ഥാനു വേണ്ടി പകരക്കാരനായി 25 മിനിറ്റ് ഫീല്‍ഡ് ചെയ്ത സച്ചിന്‍ പ്രയാസമേറിയ ഒരു ക്യാച്ച് വിട്ടുകളയുകയും ചെയ്തു.