സൗദിയില്‍ അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് പാക്കേജ് നിര്‍ത്തലാക്കുന്നു

mobileറിയാദ്: സൗദിയിലെ ടെലികോം കമ്പനികള്‍ നല്‍കിവരുന്ന ഇന്റര്‍നെറ്റ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കു നല്‍കിവരുന്ന അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യം ഉടന്‍ നിര്‍ത്തലാക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം ആഗോള ശരാശരിയിലും കൂടുതലായതിനെ തുടര്‍ന്നും നെറ്റ്‌വര്‍ക്കുകളിലെ സമ്മര്‍ദ്ദം കുറക്കുന്നതിനും വേണ്ടിയാണ് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ലാന്‍ഡ് ഫോണ്‍ വഴിയുള്ള ഡിഎസ്എല്‍ കണക്ഷനുകള്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും തുടര്‍ന്നും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ആനുകൂല്യം തുടരുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സൗദിയിലെ ടെലികോം കമ്പനി എസ്ടിസി അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് സൗകര്യം നിര്‍ത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്. 4.8 കോടി മൊബൈല്‍ ഫോണ്‍ കണ്കഷനുകള്‍ സൗദിയിലുണ്‌ടെന്നാണ് കണക്ക്.

Related posts