തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു. കോവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്താണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.
കോവിഡ് ആശ്വാസകരമായ രീതിയിൽ കുറഞ്ഞെന്നും ബുധനാഴ്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ പൂര്‍ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ (ടിപിആർ) അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ 7 ദിവസത്തെ ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ ആണെങ്കിൽ രോഗം കുറവുള്ള സ്ഥലമാണ്.
20 ശതമാനം വരെ മിതമായ സ്ഥലം. 20ന് മുകളിൽ അതിവ്യാപന മേഖല. 30ന് മുകളിലാണെങ്കിൽ കൂടുതൽ നിന്ത്രണങ്ങൾ നടപ്പിലാക്കും.
സംസ്ഥാനം മൊത്തമെടുത്താൽ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ നിരവധി പഞ്ചായത്തുകളിൽ ടിപിആർ ഉയർന്നു നിൽക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.
ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.
സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ അൻപത് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. എല്ലാ ശനി, ഞായർ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡെൽറ്റ അടക്കമുള്ള വൈറസ് വകഭേദം നിലനിൽക്കുന്നിനാൽ കുറച്ചു ദിവസം കൂടി ജാഗ്രതവേണം. പൊതുപരീക്ഷകൾ അനുവദിക്കും. റെസ്റ്റോറന്റുകളിൽ ടേക്ക് എവേയും ഓൺലൈൻ ഡെലിവറിയും തുടരും.
ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും ഈ ഘട്ടത്തിൽ തുറക്കാൻ പാടില്ല.
എല്ലാ ബുധനാഴ്ചയും ആഴ്ചയിലെ തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആർ പരിശോധിച്ച്. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ ഇളവുകൾ
• ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
• അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറക്കാം.
• എല്ലാ പൊതുപരീക്ഷകൾക്കും അനുമതി.
• വിവാഹം, മരണാനന്തര ചടങ്ങിൽ 20 പേർ.
• സെക്രട്ടേറിയറ്റിൽ 50 ശതമാനം വരെ ജീവനക്കാർക്കു പ്രവർത്തിക്കാം.
• ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ.
• ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ.
• ജൂൺ 17 മുതൽ ബെവ്കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ ഒമ്പത് വരെ വൈകിട്ട് ഏഴു വരെ.
• ആൾക്കൂട്ടമോ പൊതുപരിപാടിയോ അനുവദിക്കില്ല. എല്ലാ മേഖലയിലും ഇളവ് ഉണ്ടാകില്ല.
• റസ്റ്ററന്റുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനാകില്ല. ഹോം ഡെലിവറിയും പാഴ്സലും അനുവദിക്കും.
• വിനോദപരിപാടികളും ഇൻഡോർ പ്രവർത്തനവും അനുവദിക്കില്ല.
• മാളുകളുടെ പ്രവർത്തനവും അനുവദിക്കില്ല.