സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി നാലാംഘട്ട അണ്‍ലോക്ക് മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. ഓണ്‍ലൈൻ ക്ലാസുകൾക്കായി 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളിലെത്താം . ഒൻപത് മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ സ്കൂളിൽ പോകാം.
മെട്രോ ട്രെയിൻ സർവീസ് സെപ്റ്റംബർ ഏഴിനു പുനരാരംഭിക്കും.
100 പേരെ വരെ പങ്കെടുപ്പിക്കാവുന്ന രീതിയിൽ മത- സാംസ്കാരിക- രാഷ്ട്രീയ ചടങ്ങുകളും പൊതുപരിപാടികളും സെപ്റ്റംബർ 21 മുതൽ അനുവദിക്കും.
സ്കിൽ വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങൾ, ഐടിഐകൾ തുടങ്ങിയവയ്ക്കു പ്രവർത്തിക്കാം. പിഎച്ച്ഡി അടക്കമുള്ള ഗവേഷണം, സാങ്കേതിക സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദം എന്നിവയ്ക്കും പ്രവർത്തനം തുടങ്ങാൻ അനുവാദം.
കണ്ടെയ്ന്റ്മെന്റ് സോണുകളിൽ ഈ പ്രവർത്തനങ്ങളൊന്നും അനുവദിച്ചിട്ടില്ല. കണ്ടെയ്ന്മെന്റ് അല്ലാത്ത ഭാഗങ്ങളിൽ മറ്റു നിയന്ത്രണങ്ങൾ അരുത്.
സിനിമാ ഹാളുകൾ, നീന്തൽ കുളങ്ങൾ, ഇൻഡോർ തിയറ്ററുകൾ എന്നിവ അടഞ്ഞു കിടക്കും. 21 മുതൽ ഓപ്പണ്‍ എയർ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാം.