അവിവാഹിതയായ ബിരുദ വിദ്യാര്‍ഥിനി പ്രസവിച്ച ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. തോപ്രാംകുടി വാത്തിക്കുടിയിലാണ് നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്.
കുട്ടി ജനിച്ചപ്പോള്‍തന്നെ മരിച്ചതാണോ അതോ ശ്വാസംമുട്ടിയാണോ മരിച്ചതെന്ന് അറിയുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതകമാണെങ്കില്‍ മാതാവിനെ അറസ്റ്റ് ചെയ്യും.ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കുളിമുറിയില്‍ കുഞ്ഞിനു ജന്മംനല്‍കുകയായിരുന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് കവറിലാക്കി മൃതദേഹം വീട്ടിലൊളിപ്പിക്കുകയായിരുന്നു.വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറില്‍നിന്നു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനന സമയത്തു ശിശുവിനു ജീവനില്ലായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്.
പ്രസവശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് അടുപ്പത്തിലായിരുന്നുവെന്നും ഈ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നുമാണ് വിവരം. ഗര്‍ഭ വിവരം കുട്ടി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറച്ചുവച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ കാമുകനായ യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തതോടെ രണ്ടു മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കിക്കെട്ടി വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നാണ് സൂചന. പ്രസവ ശേഷം കുട്ടിയെ ഉപേക്ഷിക്കുന്നതിനു സഹായം ആവശ്യപ്പെട്ടു സുഹൃത്തിനെ ഫോണില്‍ വിളിച്ചു. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. ഇതേത്തുടര്‍ന്ന് സുഹൃത്താണ് വിവരം മുരിക്കാശ്ശേരി പോലീസിനെ അറിയിച്ചത്.