ന്യൂഡൽഹി: 2012ൽ അണ്ടർ 19 ലോകകപ്പ് ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിൽനിന്നു വിരമിച്ചു. മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ലീഗുകളിൽ കളിക്കാനാണു തീരുമാനം. ട്വിറ്ററിലൂടെ താരംതന്നെയാണ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയത്.
മികവ് തുടരാനാകാതെ പോയതാണു താരത്തിനു തിരിച്ചടിയായത്. 2012 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ സെഞ്ചുറി നേടി (111 നോട്ടൗട്ട്) മാൻ ഓഫ് ദ മാച്ചായ താരം സീനിയർ ടീമിലെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചതാണ്. പക്ഷേ പിന്നീടൊരിക്കലും പഴയ മികവിലേക്ക് ഉയരാൻ സാധിക്കാതിരുന്ന ചന്ദിനു സീനിയർ ടീമിലേക്കും വിളിയെത്തിയില്ല.
ഡൽഹിക്കായി രഞ്ജി അരങ്ങേറ്റത്തിൽത്തന്നെ സെഞ്ചുറിയുമായാണ് (151) ഉന്മുക്ത് ചന്ദ് തിളങ്ങിയത്. 18-ാം വയസിൽ ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഭാഗമായി. 2015 വരെ ഇന്ത്യ എ ടീമിലും അംഗമായിരുന്നു.
2016 മുതൽ താരത്തിന്റെ കരിയറിലെ വീഴ്ചകൾ തുടങ്ങി. ആദ്യം വിജയ് ഹസാരെ ട്രോഫിക്കുള്ള ഡൽഹി ടീമിൽനിന്നു പുറത്തായി. മോശം ഫോം കാരണം മുംബൈ ഇന്ത്യൻസിൽ നിന്നും പുറത്ത്. പിന്നീടൊരു തിരിച്ചുവരവ് താരത്തിനുണ്ടായില്ല.
67 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3379 റണ്‍സാണ് സന്പാദ്യം. 120 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 4505 റണ്‍സും സ്വന്തമാക്കി.