ലക്നോ: ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയ്ക്കെതിരേ മാനഭംഗപ്പെടുത്തിയതിനു പരാതി നൽകിയ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിൽ ദുരൂഹത. പെണ്‍കുട്ടിയുടെ കാറിലേക്ക് ഇടിച്ചുകയറിയ ട്രക്കിന്റെ നന്പർ പ്ലേറ്റിലെ നന്പർ ചായമടിച്ചു മറച്ചിരുന്നു. അപകടം നടക്കുന്പോൾ പെണ്‍കുട്ടിക്ക് അനുവദിച്ചിരുന്ന പോലീസ് സുരക്ഷയും ഉണ്ടായിരുന്നില്ല. കോടതി അനുവദിച്ചിരുന്ന സുരക്ഷ രണ്ടുദിവസം മുന്‍പ് പോലീസ് അകാരണമായി പിൻവലിച്ചെന്നാണ് ഉയരുന്ന ആക്ഷേപം.
അപകടത്തിൽ ഇരായായ പെണ്‍കുട്ടിക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ആശാ സിംഗ്, ബന്ധു പുഷ്പ സിംഗ് എന്നിവർ അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാറിൽ എതിർദിശത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. റായ്ബറേലി ജില്ലാ ജയിലിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും.
റായ്ബറേലിയിലായിരുന്നു അപകടം. ഉന്നാവോ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിനെ പരാതിയുന്നയിച്ച പെണ്‍കുട്ടിക്കാണു പരിക്കേറ്റത്. 2017 ജൂണ്‍ നാലിനാണു പെണ്‍കുട്ടി മാനഭംഗത്തിനിരയായത്.
ജോലി അന്വേഷിച്ച് ബന്ധുവിനൊപ്പം എംഎൽഎയുടെ വീട്ടിലെത്തിയപ്പോൾ മാനഭംഗപ്പെടുത്തിയെന്നാണു പരാതി. എംഎൽഎ കുൽദീപ് സിംഗിനെതിരേ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പെണ്‍കുട്ടിയും അമ്മയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ജീവനൊടുക്കാൻ ശ്രമം നടത്തിയതോടെയാണ് സംഭവം വാർത്തയായത്.
തുടർന്ന് കേസ് സിബിഐക്കു കൈമാറി. കുൽദീപ് സിംഗ് സെൻഗർ ഉൾപ്പെടെ പത്തുപേർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ, കഴിഞ്ഞവർഷം പെണ്‍കുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു. കേസിൽ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിച്ചു.