ഉന്നാവോ പീഡനക്കേസില്‍ ബിജെപി എംഎല്‍എയുടെ പ്രതികാര നടപടിയില്‍ വെന്തുരുകി ഒരു കുടുംബം. എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരേ പോരാടാന്‍ ബാക്കിയുള്ളത് ജയിലില്‍ കിടക്കുന്ന ഒരു അമ്മാവന് മാത്രം. ഒരു വര്‍ഷത്തിനിടയില്‍ കുടുംബത്തിന് നഷ്ടമായത് മൂന്ന് പേരെയാണ്.
”കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എന്റെ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കി. ഇനി ഞാന്‍ മാത്രമാണ് ബാക്കിയുള്ളത്.” നിരാലംബമായ മുഖത്തോടും നിരാശ കലര്‍ന്ന ശബ്ദത്തോടും ഭാര്യയ്ക്ക് ഗംഗാതീരത്ത് അന്തിമോപചാരം അര്‍പ്പിക്കാന്‍ ജയിലില്‍ നിന്നുമായിരുന്നു ഉന്നാവോ ഇരയുടെ അമ്മാവന് എത്തിയത്. അപകടത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ കുടുംബത്തില്‍ ഇനി സെന്‍ഗാറിനെതിരേ പോരാട്ടം തുടരാനുള്ള നിയോഗം ഇയാളിലാണ് എത്തി നില്‍ക്കുന്നത്. മര്‍ദ്ദിച്ചെന്ന എംഎല്‍എയുടെ സഹോദരന്റെ പരാതിയിലാണ് ഇയാള്‍ ജയിലിലായത്.
സെന്‍ഗാറിനെ ഭയന്ന് രണ്ടു വര്‍ഷമായി ഇവര്‍ക്കൊപ്പം നില്ക്കാന് ഗ്രാമത്തില്‍ ആരും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഭാര്യയുടെ അന്ത്യക്രിയകള്‍ ചെയ്യുമ്പോള്‍ അയല്‍ക്കാര്‍ പോലും അടുത്തു വരാതെ വഴിപോക്കരെ പോലെയാണ് പെരുമാറിയത്. തങ്ങള്‍ ഇവിടുത്തുകാരല്ലെന്നും എന്താണ് ബഹളമെന്ന് അറിയാന്‍ വന്നതാണ് എന്നുമായിരുന്നു ഗ്രാമത്തിലുള്ളവരുടെ മനോഭാവം. പത്ത് പോലീസ് വാഹനങ്ങളുടെ അകമ്പടിയില്‍ ലക്നൗവില്‍ നിന്നും ഉന്നാവോ ഇരയുടെ അമ്മായിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഗ്രാമം മുഴുവന്‍ കനത്ത നിശബ്ദത തളം കെട്ടിയിരുന്നു.
ഇടയ്ക്കിടെ അതിനെ ഭേദിച്ചത് സൈറന്‍ മാത്രം. മൂന്ന് ദിവസംമുമ്പാണ് എന്‍എച്ച് 31 ല്‍ ട്രക്ക് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചു കയറിയ അപകടമുണ്ടായത്. അമ്മാവിയും മറ്റൊരു ബന്ധുവും മരിച്ചപ്പോള്‍ പെണ്‍കുട്ടിയും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റ് നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. എംഎല്‍എ ജയിലിലായ ശേഷം ഈ കുടുംബത്തോട് ഗ്രാമത്തില്‍ ആരും സംസാരിക്കാന്‍ പോലും കൂട്ടാക്കുന്നില്ല. കുടുംബത്തെ പിന്തുണയ്ക്കാന്‍ ഇല്ലെന്നും തങ്ങള്‍ ഗ്രാമത്തിന്റെ ഈ ഭാഗത്തുകൂടി വരിക പോലുമില്ലെന്നും പുറത്തേക്ക് പോകുന്നത് മറ്റൊരു വഴിയിലൂടെയാണെന്നും ചിലര്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ തങ്ങളാരും ഹൈവേയില്‍ ഇല്ലായിരുന്നു. പിന്നെങ്ങിനെ അഭിപ്രായം പറയുമെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇവിടെ എന്താണ് നടക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇടപെടുന്നില്ലെന്ന് മാത്രം. ചിലര്‍ പറയുന്നു.
റായ്ബറേലി ജയില്‍ അധികൃതര്‍ക്ക് പല പ്രാവശ്യവും തങ്ങളുടെ ജീവന് അപകടത്തിലാണെന്ന് എഴുതിയിരുന്നു. 2000ല്‍ നടന്ന ഒരു കൊലപാതകശ്രമ കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ അടുത്തിടെ ഉന്നാവോ ജയിലിലേക്ക് മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ എംഎല്‍എയുടെ റായ്ബറേലിയിലെ ഗുണ്ടയാണെന്ന് കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മാവന് എഴുതി എന്നു പറയുന്ന കത്തിനെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് റായ്ബറേലി ജയില്‍ സൂപ്രണ്ട് ആര് എന്‍ പാണ്ഡേ പറയുന്നത്.