വർഷങ്ങൾക്ക് മുൻപ് ഇന്നസെന്റും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് താരങ്ങൾ താമസിക്കുന്നത്.
ഷൂട്ടിംഗിന്റെ ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരുടെ കഥാപാത്രം.
ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം എന്ന്. അതേക്കുറിച്ച് ഇന്നസെന്റ് പിന്നീട് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ…
പക്ഷെ മോഹൻലാൽ അന്നു പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസിലാക്കിയതു കൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു.
എന്നിട്ടു പറഞ്ഞു. “ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി’ എന്ന്. എന്നിട്ട് ഒരു തിരക്കഥ എനിക്ക് തന്നു.
ഞാൻ സമയമെടുത്ത് ആ തിരക്കഥ മുഴുവൻ വായിച്ചു. ദേവാസുരം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
ഞാൻ മോഹൻലാലിനോടു പറഞ്ഞു; വാര്യരെ ഞാൻ ചെയ്യാം എന്ന് അങ്ങനെയാണ് മംഗലശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യർ ദേവാസുരത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ആ സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭുവിലും വാര്യരുണ്ട്. ഇന്ന് ഓർക്കുന്പോൾ ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ എനിക്കത് വലിയ നഷ്ടമായേനെ എന്ന് മനസിലാക്കുന്നു- ഇന്നസെന്റ് പറഞ്ഞു. -പി.ജി