ന്യൂഡൽഹി: ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സെൻഗാറിനെതിരെ ലൈംഗീക പീഡന പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും ഡൽഹിയിൽ താമസസൗകര്യം ഒരുക്കാൻ കോടതി നിർദേശം. ഡൽഹി കോടതിയാണ് നിർദേശം നൽകിയത്.
സ്വന്തം സംസ്ഥാനത്ത് താമസിക്കാൻ പെൺകുട്ടിക്കും കുടുംബത്തിനും ഭയമായതിനാൽ ഡൽഹിയിൽ സൗകര്യമൊരുക്കണമെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് നടപടി.
ബുധനാഴ്ച എയിംസിൽനിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്ന പെൺകുട്ടിക്കും കുടുംബാംഗങ്ങളായ അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവർക്കും താൽക്കാലികമായി എയിംസിലെ ജയപ്രകാശ് നാരായണൻ സെന്ററിലെ ഹോസ്റ്റലിൽ താമസം ഒരുക്കണമെന്നാണ് ജില്ലാ ജഡ്ജി ധർമേശ് ശർമ നിർദേശിച്ചിരിക്കുന്നത്.
ഉന്നാവോയിൽ പെണ്‍കുട്ടി പീഡനത്തിനിരയായ കേസിൽ ബിജെപി എംഎൽഎ ആയിരുന്ന കുൽദീപ് സിംഗ് സെൻഗാർ ഒന്നാം പ്രതിയാണ്.
മാനഭംഗ ക്കേസിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് റായ്ബറേലിയിൽ വച്ച് പെണ്‍കു ട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച കാർ ദുരൂഹമായ സാഹചര്യത്തിൽ അപകടത്തിൽ പെട്ടത്.
അപകടത്തിൽ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കൾ കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.