കേള്‍ക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന കാര്യമാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ചു എന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത്. അയാള്‍ എന്നെ പീഡിപ്പിക്കുന്നതുവരെ ഭയ്യാ എന്നാണ് താന്‍ അയാളെ വിളിച്ചിരുന്നതെന്നാണ് പെണ്‍കുട്ടി പറയുന്നത്.
എല്ലാം സഹിച്ച് സ്വയം നീറി പുകഞ്ഞാല്‍ മതിയായിരുന്നു എന്നു തോന്നുന്നു ഇപ്പോള്‍. ഒന്നും പുറത്തു പറയേണ്ടിയിരുന്നില്ല. അയാള്‍ക്കെതിരെ പരാതി പറയരുതായിരുന്നു. അങ്ങനെയെങ്കില്‍ എന്റെ അച്ഛന്‍ എന്നോടൊപ്പം ഉണ്ടാകുമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടി പറഞ്ഞുനിര്‍ത്തുന്നു.
പതിനൊന്നാം വയസില്‍ തന്നെ തോന്നിയിരുന്നു അയാളുടെ നോട്ടത്തിലും സ്പര്‍ശനത്തിലും എന്തോ പന്തികേട്. മറിച്ചു പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അച്ഛന്‍ അയാളുടെ ജോലിക്കാരനാണ്. നാട്ടിലെ സമ്പന്നന്‍, പ്രമാണി, വലിയ കുടുംബം. അയാളെ അവള്‍ ഭയ്യാ എന്നാണ് വിളിച്ചിരുന്നത്.
കുഞ്ഞിലെ മുതല്‍ തുടങ്ങിയതാണ് അയാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നുകയറാന്‍. ചീത്ത കൂട്ടുകെട്ടില്‍ പെട്ടുപോകാതിരിക്കാന്‍ എന്നെ അയാള്‍ മുറിയില്‍ പൂട്ടിയിടുമായിരുന്നു. സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല ഞാന്‍. എട്ടാം ക്ലാസില്‍ വച്ച് എന്റെ പഠിപ്പും അയാള്‍ അവസാനിപ്പിച്ചു.’
എനിക്ക് പതിനാറുവയസ് പ്രായം. ഒരിക്കല്‍ അയാള്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. പുറത്ത് അനുയായികളെ കാവലിരുത്തി അടച്ചിട്ട മുറിയില്‍ എന്നെ അയാള്‍ മാനഭംഗപ്പെടുത്തി.
പുറത്തു പറഞ്ഞാല്‍ കുടുംബത്തെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പേടിച്ച് അവള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. പിന്നീട് ഏഴുദിവസം കഴിഞ്ഞ് ഒരു പ്ലംബറെ അന്വേഷിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ദിവസം മൂന്ന് പേര്‍ ചേര്‍ന്ന് ഒരു എസ്.യു.വിയില്‍ തട്ടിക്കൊണ്ടുപോയി.
തുടര്‍ന്നുള്ള ഒന്‍പത് ദിവസം മയക്കുമരുന്നുകള്‍ നല്‍കി കൂട്ടമാനഭംഗത്തിനിരയാക്കി. മയക്കുമരുന്നുകള്‍ കുത്തിവച്ചാണ് അവര്‍ പീഡിപ്പിച്ചത്. അതില്‍ രണ്ടുപേര്‍ സെന്‍ഗറിന്റെ ജോലിക്കാരാണ്. പിന്നീട് എന്നെ വില്‍ക്കാനും ഈ സംഘം ശ്രമിച്ചു. 60,000 രൂപയ്ക്ക് ഒരാളുമായി കരാറായതാണ്. പക്ഷേ പോലീസ് അന്വേഷണം തുടങ്ങിയത് കൊണ്ട് നടന്നില്ല.
പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പക്ഷേ അവള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിക്കാണുമെന്നായിരുന്നു പോലീസ് മറുപടി. ഒന്‍പത് ദിവസം തുടര്‍ച്ചായി പോലീസ് സ്റ്റേഷന്‍ കയറിയിങ്ങിയിട്ടും അവര്‍ കേസെടുത്തില്ല. അവിടുന്ന് രക്ഷപ്പെട്ടെത്തിയ ശേഷമാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്.
പിന്നീട് എംഎല്‍എക്കെതിരെ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും പോലീസ് എടുത്തില്ല. ഒരു വര്‍ഷം കുടുംബം ഭീതിയുടെ മുള്‍മുനയിലാണ് കഴിച്ചുകൂട്ടിയത്. ഗതികെട്ട് ഒടുവില്‍ ആത്മഹത്യാശ്രമത്തിലേക്ക് എത്തി. എന്നാലിപ്പോള്‍, അവസാനം അയാള്‍ പിടിയിലായിരിക്കുന്നു. പക്ഷേ അച്ഛന്‍.. പെണ്‍കുട്ടി വിലപിക്കുന്നു.
പരാതി നല്‍കിയിട്ടും എംഎല്‍എയ്‌ക്കെതിരെ പരാതിയെടുക്കാത്തതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടുപടിയ്ക്കല്‍ സമരവുമായെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് അദ്ദേഹം കസ്റ്റഡിയില്‍ തന്നെ മരിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ സംസ്ഥാനത്തികത്തും പുറത്തും പ്രതിഷേങ്ങള്‍ വ്യാപിച്ചതിനുശേഷമാണ് എംഎല്‍എയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.