ന്യൂഡൽഹി: എനിക്കു മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇതു ചെയ്തവർക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്കു കാണണം- തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയവെ ഉന്നാവോയിലെ പെണ്‍കുട്ടി സഹോദരനോടു പറഞ്ഞ വാക്കുകളാണിത്. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയതോടെ ഈ വാക്കുകൾ ഇനി സ്വപ്നം മാത്രമായി അവശേഷിക്കും.
വെള്ളിയാഴ്ച രാത്രി 11.40ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു നീതി ലഭിക്കാതെയുള്ള ആ പെണ്‍കുട്ടിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണു ലക്നോവിൽനിന്നു ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്.
കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറിൽവച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018-ൽ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്നു ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. ഇതിനുശേഷമാണു വൈദ്യസഹായം ലഭിച്ചത്. പരിക്ക് ഗുരുതരമാണെന്നു കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്ക് ലക്നോയിലേക്കു മാറ്റുകയായിരുന്നു. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. പിന്നാലെ, അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി ഒ.പി. സിംഗ് അറിയിച്ചു.
ഉന്നാവോയിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ പ്രതിയായ മറ്റൊരു മാനഭംഗക്കേസിലെ ഇരയും സമാനമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും പ്രതികൾ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കൾ അപകടത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.