കുറവിലങ്ങാട്: അജിത് വിജയനെന്ന ഉണ്ണിയെ വാഹനാപകടത്തിന്റെ രൂപത്തിലെത്തി വിധി തട്ടിയെടുക്കുന്പോൾ തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ. അകാലത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടതോടെ ഏകമകനായി ജീവിതം നയിച്ച പെറ്റമ്മയുടെ കണ്ണുനീരിനു മുന്പിൽ കാണക്കാരി വാളക്കോട്ട് (ആറ്റുവായിൽ) വീട്ടിലെത്തുന്നവർ നിസഹായരാവുകയാണ്.
കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം ആറ്റുവായിൽ വിജയൻ-പുഷ്പകുമാരി ദന്പതികളുടെ ഏകമകനെയാണ് ഇന്നലെ വിധി കവർന്നെടുത്തത്. നന്പ്യാകുളത്തിനടുത്ത് ബൈക്കോടിച്ച് പോകുകയായിരുന്ന ഉണ്ണിയെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇടിച്ചിടുകയായിരുന്നു.
വീട്ടിലും നാട്ടിലും സ്കൂളിലും എല്ലാവർക്കും പ്രിയങ്കരനായിരുന്നു ഉണ്ണി. സ്കൂളിൽ കായിക രംഗത്ത് എല്ലാ ഇനങ്ങളിലും നിറസാന്നിധ്യമായിരുന്നു ഉണ്ണിയെന്ന് ഡി പോൾ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സെബാസ്റ്റ്യൻ് പൈനാപ്പിള്ളിൽ ഓർമ്മിക്കുന്നു. ഉണ്ണി അപകടത്തിൽപ്പെട്ടതായി അറിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഫാ. സെബാസ്റ്റ്യൻ പൈനാപ്പിള്ളിക്കും മറ്റ് അധ്യാപകർക്കും കാണാനായത് പ്രിയ ശിഷ്യന്റെ ചേതനയറ്റ ശരീരമാണ്. ഓട്ടത്തിൽ എന്നും മുന്നിലായിരുന്നു ഉണ്ണിയെന്ന് അധ്യാപികമാർ ഓർമ്മിക്കുന്നു.
ബാസ്കറ്റ് ബോളും ഫുട്ബോളും വഴങ്ങുമായിരുന്ന ഉണ്ണി വിവിധ കായിക മത്സരങ്ങൾക്കായി സിബിഎസ്ഇ മേഖല, സംസ്ഥാന തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് എല്ലാവരോടും യാത്രപറഞ്ഞിറങ്ങിയ ഉണ്ണി താമസിയാതെയെത്തുന്ന പ്ലസ് ടു ഫലത്തിനൊപ്പം സ്കൂളിലെത്തുന്പോൾ കാണാമെന്ന ആഗ്രഹത്തിലായിരുന്നു സഹപാഠികൾ.
പരീക്ഷാഫലമെത്തും മുന്പേ പ്രിയകൂട്ടുകാരന് അന്ത്യയാത്രാമൊഴിയേകാനായി സംഗമിക്കേണ്ടി വരുന്നുവെന്നത് വിശ്വസിക്കാൻ പോലും ഡി പോളിലെ വിദ്യാർത്ഥികൾക്കും പൂർവവിദ്യാർത്ഥികൾക്കും കഴിയുന്നില്ല.