ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തെ തള്ളി ഉണ്ണി മുകുന്ദൻ രംഗത്ത്.
ബാലക്ക് നൽകിയ പണത്തിന്റെ രേഖകളടക്കം വിതരണം ചെയ്തായിരുന്നു ഉണ്ണി മുകുന്ദൻ വാർത്തസമ്മേളനം നടത്തിയത്.
അഭിനയിച്ച എല്ലാവർക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയെന്നും ബാലയ്ക്ക് രണ്ടുലക്ഷം രൂപ നൽകിയെന്നും നടൻ പറഞ്ഞു.
ഛായാഗ്രാഹകന്‍ മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്കി. ബാലയ്ക്ക് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
<i>ബാലയ്ക്കുള്ള മറുപടി എന്നല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്കും ഇഷ്ടപെടുന്നവർക്കും വേണ്ടി വ്യക്തത വരുത്താനാണ് ഇങ്ങനെയൊരു പത്ര സമ്മേളനം നടത്തുന്നത്. സംവിധായകന് മുന്നേ തന്നെ പ്രതികരിച്ചിട്ടുണ്ട്.
ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം നല്കി. എട്ട് ലക്ഷമായിരുന്നു അദ്ദേഹത്തിന് പറഞ്ഞുവച്ചിരുന്ന തുക. പിന്നീട് ലൈൻ പ്രൊഡ്യൂസറും അദ്ദേഹവും തമ്മിലുള്ള ചർച്ചയ്ക്കു ശേഷമാണ് അത് ഏഴ് ലക്ഷമാക്കിയത്.
അണിയറ പ്രവർത്തകർക്ക് വേതനം നല്‍കിയില്ല എന്ന വാദം എത്രത്തോളം ശരിയാണെന്ന് അറിയില്ല.
എന്റെ അടുത്ത സുഹൃത്താണ് ബാല, ഇപ്പോഴും അങ്ങനെ തന്നെയാണ്. ഞാനാണ് ബാലയെ ഈ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്.
ബാല മുമ്പ് സംവിധാനം ചെയ്ത സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. ആ ചിത്രം ബാലയായിരുന്നു നിർമിച്ചത്.
ആ ചിത്രവുമായി ബന്ധപ്പെട്ടാണ് ടിനി ടോമും പിഷാരടിയും ട്രോൾ രൂപേണ ഒരു തമാശ ഒരുക്കിയത്.
പക്ഷേ ആ ട്രോളിൽ വന്ന പേരിലുള്ള ആരും ആ സിനിമയിൽ അഭിനയിച്ചില്ല. ഞാൻ മാത്രമാണ് അതിൽ അഭിനയിക്കാൻ പോയത്.
അന്ന് മല്ലു സിംഗ് ഹിറ്റായി നിൽക്കുന്ന സമയത്താണ് ആ സിനിമയിൽ അഭിനയിക്കാൻ പോയത്. അതും ഒരു സുഹൃത്തായി.
അഞ്ച് ദിവസം ആ സിനിമയിൽ ഒരു ശവശരീരമായി അഭിനയിച്ചു. ആ സിനിമയ്ക്ക് ഞാൻ പ്രതിഫലം മേടിച്ചില്ല.
സൗഹൃദം എന്തെന്ന് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ എത്രയോ സിനിമകൾ ഉണ്ടായിട്ടുണ്ട്. അതൊരു മഹത്തായ കാര്യമാണെന്നും വിശ്വസിക്കുന്നില്ല.
ബാലയുടെ രണ്ടാം വിവാഹം നടന്ന സമയത്ത് അവിടെ പോയ ഏക നടൻ ഞാനാണ്. അതും സുഹൃദ്ബന്ധം വച്ചു തന്നെയാണ് പോയത്.
വ്യക്തിജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് ഞാൻ എത്തി നോക്കിയിട്ടില്ല. മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.
ബാല എന്നും അടുത്ത സുഹൃത്ത് തന്നെയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമ തുടങ്ങിയപ്പോൾ ഞാനാണ് സംവിധായകനോട് ബാലയെ നിർദേശിക്കുന്നത്.
അദ്ദേഹത്തിനൊരു ബ്രേക്ക് കിട്ടും എന്ന ചിന്തയിലാണ് സംവിധായകന് ഇഷ്ടമല്ലായിരുന്നിട്ട് കൂടി ഞാൻ മുന്നോട്ടുവന്നത്.
മറ്റൊരു പ്രമുഖ നടനെ മാറ്റിയിട്ടാണ് ബാലയ്ക്ക് ഈ കഥാപാത്രം കൊടുക്കുന്നത്. ബാല സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെന്നതും എന്റെ ആവശ്യമായിരുന്നു. ഈ ട്രോളൊക്കെ വരുന്നതിന് മുമ്പേ സിനിമയുടെ ഷൂട്ട് കഴിഞ്ഞിരുന്നു.
ബാല 20 ദിവസം ജോലി ചെയ്തു. കഴിഞ്ഞ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രതിഫലം മൂന്ന് ലക്ഷമായിരുന്നു.
ദിവസം പതിനായിരം രൂപ എന്ന വേതനം വച്ച് രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് ട്രാൻസ്ഫർ ചെയ്തു. ഇതൊക്കെ ഉണ്ടായതിനു ശേഷമാണ് ഈ തമാശകളൊക്കെ നടക്കുന്നത്.
ഞാനും ബാലയും ഇക്കാര്യങ്ങൾ സംസാരിച്ചു. ഓൺലൈനിൽ തനിക്ക് വലിയ പ്രശസ്തിയുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതിഫലം കൂടുതൽ വേണമെന്നും ബാല പറഞ്ഞു. എനിക്കു താങ്ങാൻ കഴിയാത്ത വലിയ തുകയാണ് അദ്ദേഹം ചോദിച്ചത്.
എന്റെ കഴിഞ്ഞ സിനിമയുടെ സംവിധായകന് വണ്ടി കൊടുത്ത കാര്യം വരെ അദ്ദേഹം മുന്നോട്ടുവച്ചു. കുറച്ച് ട്രോളുകൾ കൊണ്ട് ഒരാൾ പ്രശ്സതനായെന്ന് പറഞ്ഞ് ഇതുവരെ ഒരാൾക്കും മലയാള സിനിമയിൽ പ്രതിഫലം കൂട്ടികൊടുത്തതായി എനിക്ക് തോന്നുന്നില്ല.
എനിക്ക് പറ്റുന്നതാണെങ്കിൽ ഞാൻ ചെയ്യുമായിരുന്നു. ഇനിയും ബാലയെ വച്ച് പടം ചെയ്താല്‍ അദ്ദേഹത്തിന് അത്രയും പണം കൊടുക്കാൻ കഴിയട്ടെ എന്നാണ് എന്റെ ആഗ്രഹം.
ബാല മലയാളത്തിൽ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തത് ഈ സിനിമയിലാണ്. അതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശസ്തി കണ്ടിട്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. പടം സെൻസർ ചെയ്ത കോപ്പിയുടെ തിയതി കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകും.
ബാലയുടെ മൂന്ന് ഡയലോഗുകൾ മറ്റൊരു മിമിക്രി ആർട്ടിസ്റ്റിനെ വച്ചാണ് ചെയ്തത്. നിർമാതാവും സുഹൃത്തും എന്ന നിലയിൽ ഞാനത് കണ്ണടച്ചു. പക്ഷേ സംവിധായകന് അത് താൽപര്യമായിരുന്നില്ല.
പിന്നീട് പറഞ്ഞു ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നും അദ്ദേഹത്തിന്റെ അമ്മായിച്ചനെ പുറത്താക്കിയെന്ന് അതും തെറ്റാണ്. അത് ഡബ്ബിംഗ് സ്റ്റുഡിയോ ടീമിന്റെ നിയമാവലിയിൽ ഉള്ളതാണ്. ഞങ്ങള്‍ക്കതുമായി ഒരു ബന്ധവുമില്ല.
എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല.
സൗഹൃദത്തെ വളരെ സീരിയസായി കാണുന്ന ആളാണ്. ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. ബാലയുടെ ചോദ്യങ്ങൾക്ക് മറുപടി തന്നുവെന്ന് പ്രതീക്ഷിക്കുന്നു.
രാഹുൽ മാധവന് എന്റെ സുഹൃത്താണ്. ഞാനറിയാതെ ഈ സിനിമയുടെ ലൈൻ പ്രൊഡ്യൂസർ രാഹുലിന് പൈസ അയച്ചിരുന്നു.
എന്നാൽ ആ പണം ഉടൻ തന്നെ രാഹുൽ എനിക്ക് തിരിച്ചയച്ചു. എന്തിനാണ് പണം അയച്ചതെന്ന് ചോദിച്ച് എന്നെ വഴക്കു പറഞ്ഞു.
ഇതൊക്കെ സൗഹൃദം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ള നല്ല അനുഭവങ്ങളും ഈ ചിത്രത്തിലൂടെ എനിക്ക് ഉണ്ടായി.
സ്ത്രീകള്‍ക്ക് മാത്രം പൈസ കൊടുത്തു എന്ന് ബാല പറഞ്ഞു. ഈ സിനിമയില്‍ പ്രവർത്തിച്ച ടെക്നീഷ്യന്മാരില് ഒരാള്‍ക്ക് പോലും പൈസ കൊടുക്കാതെ ഇരുന്നിട്ടില്ല. അവർക്ക് എവിടെയൊക്കെ പരാതിപ്പെടാം. അവർക്കുവേണ്ട സംഘടനകളുണ്ട്.
പ്രതിഫലം കൊടുക്കാതെ സിനിമ പുറത്തിറക്കാൻ പോലും കഴിയില്ല. അങ്ങനെ പറഞ്ഞത് മാത്രമാണ് എന്നെ കുറച്ച് വേദനിപ്പിച്ചത്.
എന്റെ അറിവിൽ ഇത്രയും കാര്യങ്ങളാണ് എന്നെക്കുറിച്ച് വന്ന ഗുരുതരമായ ആരോപണങ്ങൾ. വ്യക്തിപരമായി എന്നെ ഇത് ബാധിക്കുന്നതുകൊണ്ടാണ് ഞാൻ തന്നെ ഇതൊക്കെ പറയാൻ നേരിട്ടുവന്നത്.
ഞാന്‍ ഒരു സാധാരണ നടന് ആണ്. രണ്ട് പടങ്ങള്‍ നിർമിച്ചിട്ടുണ്ട്. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് എന്ന് അറിയില്ല.
ബാല എന്തുകൊണ്ട് ഇത് ചെയ്തു എന്നും അറിയില്ല. അദ്ദേഹത്തിന്റെ ട്രോൾ, ശബ്ദം ഇതൊക്കെ ഞാൻ മാർക്കറ്റ് ചെയ്തുവെന്നാണ് പറയുന്നത്.
ഇത് മാര്‍ക്കറ്റിംഗ് അല്ല, എന്റെ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്. എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ സത്യം അറിയണം എന്നുളളതുകൊണ്ടാണ് ഞാൻ തന്നെ ഇപ്പോൾ മുന്നോട്ടുവന്നത്. സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല.
ഒരു മുഴുനീള കഥാപാത്രം മുന്നോട്ടുവച്ചപ്പോൾ എനിക്കു വേണ്ടിയാണ് ഈ സിനിമ ചെയ്തതെന്ന് ഇങ്ങോട്ട് പറഞ്ഞ ആളാണ് ബാല.
അദ്ദേഹത്തിന്റെ പടത്തിന് (ഹിറ്റ് ലിസ്റ്റ്) ഞാന്‍ പൈസ വാങ്ങിയിട്ടില്ല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. നിയമപരമായും ഈ വിഷയത്തിൽ മുന്നോട്ടുപോകില്ല.
എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നായിരുന്നു അവരുടെ വിഷമം.
എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര് വിളിച്ചിരുന്നു. ‘നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന്’ പറഞ്ഞു.
ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ. ബാലയുടെ പെര്‍ഫോമന്‍സ് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായും ഒരു വിരോധവുമില്ല.
ഡബ്ബിംഗ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം ഞാന്‍ അറിഞ്ഞുകൊണ്ടല്ല. ഞങ്ങളല്ല അവിടെ പ്രശ്നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്.
അവിടെ ആള്ക്കാര് നില്ക്കുന്നതില് ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്നമാകില്ലേ. ഞാന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തിരിക്കുന്നത്.</i>ഉണ്ണി മുകുന്ദൻ പറഞ്ഞു.