വിഴിഞ്ഞം: ഇഷ്ടപ്പെട്ടാൽ കൈയ്യിൽ കിട്ടുന്നത് എന്തും മോഷ്ടിക്കും, വിൽക്കാൻ പറ്റുന്ന ആക്രി മുതൽ മണ്ണെണ്ണയും പലചരക്കുമെല്ലാം. പണത്തിന് ആവശ്യം വരുമ്പോൾ ഇവ കടകളിൽ കൊണ്ടുപോയി വിൽക്കും.
പിടിക്കപ്പെടുന്ന ദിവസം രാത്രിയിൽ വീട്ടിലേക്ക് വരുന്ന സമയം രണ്ട് നാടൻ കോഴിയും പൊരിക്കാനുള്ള ചേരുവകളും മോഷ്ടിച്ചിരുന്നു.തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പോലീസിന് ഒരു മടിയും കൂടാതെ തൊണ്ടിമുതലും എടുത്ത് നൽകി.
വിഴിഞ്ഞം തിയറ്റർ ജംഗഷനിലെ ഒാട്ടോ സ്പെയർ പാർട്സ് കടയിലെ മോഷണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് കോവളത്തെ വാടക വീട്ടിൽ എത്തിയ പോലീസിനും അതിശയം. കുറച്ച് ദിവസമായി ഒറ്റയ്ക്ക് താമസിക്കുന്ന ഉണ്ണി വാടക വീടിനെ മോഷണ വസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗൺ ആക്കി മാറ്റി.
മണ്ണെണ്ണ മുതൽ വാഹനങ്ങളുടെ പാർട്സുകൾ വരെ ഇവിടെയുണ്ട്.നിരവധി സ്റ്റേഷൻ പരിധിയിൽപ്പെട്ട മോഷണ വസ്തുക്കൾ ആയതിനാൽ വിഴിഞ്ഞത്തെ തൊണ്ടിമുതൽ മാത്രമെടുത്ത ശേഷം പോലീസ് വീട് ഭദ്രമായി പൂട്ടി. മോഷണമുതലുകൾ വിൽക്കാൻ കൂട്ടുനിൽക്കുന്നതായി മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ മൂന്ന് മാസങ്ങൾക്ക് മുൻപ് ഉണ്ണിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിരുന്നു.
മോഷണ വസ്തുക്കൾ രഹസ്യമായി വീട്ടിൽ എത്തിച്ച് സംശയിക്കാതിരിക്കാൻ ഭാര്യയോടൊപ്പം കടകളിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ വിഴിഞ്ഞം സി ഐ പ്രവീൺ, പ്രിൻസിപ്പൽ എസ്ഐ എസ്.എസ്. സജി, ക്രൈം എസ്ഐ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി.