കൊല്ലം: യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയ കേസിൽ ഒന്നും മൂന്നും പ്രതികൾക്കു ജീവപര്യന്തം കഠിനതടവും 50,000 രൂപാവീതം പിഴയും. രണ്ടാം പ്രതിക്കു ഏഴുവർഷം കഠിനതടവും 50,000 രൂപ പിഴയും കൊല്ലം സെക്കൻഡ് അഡീഷണൽ സെഷൻസ് ജഡ്ജ് ആഷ് കെ. ബാൽ ശിക്ഷ വിധിച്ചു.
അലയമണ്‍ മൂങ്ങോട് പുല്ലാഞ്ഞിയോട് ലക്ഷംവീട് നന്പർ-എട്ടിൽ താമസിച്ചിരുന്ന ഉണ്ണിയെ ചവിട്ടി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്നാംപ്രതി അലയമണ്‍ കരുകോണ്‍ കല്ലുകുന്നുംപുറത്തു വീട്ടിൽ കീരി നസീർ എന്നുവിളിക്കുന്ന നസീർ, മൂന്നാം പ്രതിയായ മൂങ്ങോട് കരുകോണ്‍ പുല്ലാഞ്ഞിയോട് ചരുവിള പുത്തൻവീട്ടിൽ ചോള ബൈജു എന്നുവിളിക്കുന്ന ബൈജു എന്നിവരെയാണു ജീവപര്യന്തം കഠിനതടവിനും 50,000 രൂപാവീതം പിഴയും ശിക്ഷിച്ചത്.
രണ്ടാംപ്രതി അലയമണ്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് തോട്ടുംകര പുത്തൻവീട്ടിൽ അദ്വാനിയെന്നു വിളിക്കുന്ന അൻസറിനെയാണ് ഏഴുവർഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2014 ഒക്ടോബർ ഒൻപതിനായിരുന്നു. അഞ്ചൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടറായ പി വി രമേശ്കുമാർ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപിച്ചു. പ്രോസിക്യുഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് വിനോബ കോടതിയിൽ ഹാജരായി.