ഒല്ലൂർ: വഴിതെറ്റി വനത്തിലകപ്പെട്ട യുവാക്കളെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിൽ ഉൾക്കാട്ടിൽ കണ്ടെത്തി. ഞായറാഴ്ച മരോട്ടിച്ചാൽ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടപ്രദേശത്ത് അകപ്പെട്ട ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം പഞ്ചവടി വീട്ടിൽ മൂർത്തിയുടെ മകൻ ഉണ്ണികൃഷ്ണൻ (26), സുഹൃത്ത് വടക്കേക്കാട് ചിരിയങ്കണ്ടത്ത് സിറിൽ (24) എന്നിവരെയാണ് ചീരക്കുണ്ടിൽനിന്നും 12 കിലോമീറ്റർ ഉള്ളിൽ കൊടുംകാട്ടിൽനിന്നും തെരച്ചിൽ സംഘം കണ്ടെത്തിയത്.
വിവിധ സംഘങ്ങളായി പോയ 90ഓളം വരുന്ന തെരച്ചിൽ സംഘങ്ങളിൽ, വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പോയ ഏഴംഗസംഘമാണ് ഉൾവനത്തിലെ കാട്ടുചോലയ്ക്കരികിൽ ഇവരെ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചമുതൽ വനത്തിനുള്ളിൽ വനംവകുപ്പും നാട്ടുകാരുമെല്ലാം ചേർന്ന് തെരച്ചിൽ തുടങ്ങിയിരുന്നെങ്കിലും യുവാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തിങ്കളാഴ്ച ഉച്ചയ്ക്കു തിരിച്ച ആദ്യ തെരച്ചിൽ സംഘം വൈകീട്ട് ആറോടെ തിരിച്ചുപോന്നു. വീണ്ടും രാത്രി എട്ടിന് അടുത്ത സംഘം വനത്തിനുള്ളിൽ തെരച്ചിലിനു പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് മൂന്നു ഗ്രൂപ്പുകളായി 90ഓളം വരുന്ന സംഘം തെരച്ചിലിനായി പുറപ്പെട്ടത്. ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് വനത്തിനുള്ളിലെ ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിനു മൂന്നു കിലോമീറ്റർ ഉള്ളിലായി യുവാക്കളെ കണ്ടെത്താനായത്.
ശബ്ദമുണ്ടാക്കി സഞ്ചരിച്ചിരുന്ന തെരച്ചിൽ സംഘത്തിന്റെ ശബ്ദം കേട്ട് തിരിച്ച് ക്ഷീണിതശബ്ദത്തിൽ ഇവർ ഒച്ചയിടുകയായിരുന്നു. യുവാക്കളെയുംകൊണ്ട് തിരിച്ചിറങ്ങിയ സംഘം വൈകീട്ട് അഞ്ചരയോടെയാണ് മരോട്ടിച്ചാലിലെത്തിയത്. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ യുവാക്കൾക്കു വെള്ളവും ഭക്ഷണവും നല്കി.
സ്ഥലത്തെത്തിയിരുന്ന ഒല്ലൂർ പോലീസ് സംഘം യുവാക്കളെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ വിട്ടയച്ചു. അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിച്ചതിനെതിരെ മാന്ദാമംഗലം ഫോറസ്റ്റ് അധികൃതർ ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.