മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനായ ഉണ്ണി മുകുന്ദന്റെ വിവാഹം കഴിഞ്ഞ കുറേ നാളുകളായി ഗോസിപ്പുകോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഉണ്ണിക്കൊപ്പം അഭിനയിച്ച മിക്ക നടിമാര്‍ക്കൊപ്പവും ചേര്‍ത്ത് ഗോസിപ്പുകള്‍ പരന്നിരുന്നു. ബാലതാരമായി അരങ്ങേറി പിന്നീട് നായികാ സ്ഥാനത്തേയ്ക്ക് എത്തിച്ചേര്‍ന്ന നടി സനുഷയും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാവുമെന്നുമുള്ള വാര്‍ത്തകളും വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. അത് തെറ്റാണെന്ന് ഉണ്ണി മുകുന്ദന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേട്ടത് ഉണ്ണി മുകുന്ദന്റെ നഷ്ടപ്രണയത്തെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു.
ഉണ്ണി ഒരു പെണ്‍കുട്ടിയെ അഗാധമായി പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ ആ ബന്ധം തകര്‍ന്നെന്നുമായിരുന്നു വാര്‍ത്ത. അതിന് ശേഷം താന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായെന്ന് ഉണ്ണി പറഞ്ഞതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്കിയ കൗതുകകരമായ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ണി മുകുന്ദന് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വാര്‍ത്തകള്‍ക്കു പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി രംഗത്തെത്തിയത്. താന്‍ റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണത്തിന്റെ അതേ രൂപത്തിലായിരുന്നു ഉണ്ണിയുടെ പ്രതികരണവും. എപ്പോഴാണ് കല്യാണമെന്ന് ചോദിച്ചപ്പോള്‍ ഉണ്ണി നല്കിയ മറുപടി തന്റെ പ്രായത്തിലുള്ള പെണ്കുട്ടികളൊക്കെ കല്യാണം കഴിഞ്ഞു പോയെന്നായിരുന്നു. എന്നാലത് റിപ്പോര്‍ട്ടര്‍ വ്യാഖ്യാനിച്ചത് ഉണ്ണി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ കാമുകി ഉണ്ണിയെ ഉപേക്ഷിച്ചിട്ട് പോയെന്നുമായിരുന്നു. ഹിറ്റുകളും ലൈക്കുകളും റേറ്റിംഗും കൂട്ടുന്നതിനായി മാദ്ധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്നവയുടെ ഏറ്റവും പുതിയ ഉദാഹരമാണ് ഇതെന്നും ഉണ്ണി മുകുന്ദന് സൂചിപ്പിച്ചു.