വളരെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത സിക്സ് പാക്കും മസിലുകളുമെല്ലാം ഉണ്ണി മുകുന്ദൻ ഉപേക്ഷിച്ചിരിക്കുകയാണ്. നേരത്തെ തന്നെ ശരീരസൗന്ദര്യത്തിൽ ശ്രദ്ധ പുലർത്തിയിരുന്ന ഉണ്ണി മുകുന്ദൻ മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിനുവേണ്ടി പതിനൊന്നുമാസം നീണ്ട കഠിന പരിശ്രമത്തിലൂടെയാണ് സിക്സ് പാക്കിലെത്തിയത്.
എന്നാലിപ്പോൾ മറ്റൊരു ചിത്രത്തിനായി ഇതെല്ലാം ഉണ്ണി ഉപേക്ഷിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഉണ്ണി മുകുന്ദൻ തന്റെ ആരാധകരോട് ഈ മാറ്റത്തെപ്പറ്റി അറിയിച്ചിരിക്കുന്നത്. തന്റെ പഴയ ചിത്രവും പുതിയ ചിത്രവും ഉണ്ണി പങ്കുവച്ചിട്ടുണ്ട്.
മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽ എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.
“മേപ്പടിയാൻ” എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.- ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു.