‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’; ലിഫ്റ്റില്‍ കയറാന്‍ നേരത്ത് ‘സോറി മാം’ എന്ന് പറഞ്ഞ് ആര്‍ട്ട് മേക്കര്‍; പെണ്‍വേഷത്തിലെത്തിയപ്പോള്‍ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍…

കൊച്ചി: ഉണ്ണി മുകുന്ദന്റെ പെണ്‍വേഷം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. പെണ്ണായി മാറിയതിന് ശേഷമാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന കാര്യം മനസിലായതെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് പെണ്ണായി മാറിയതെന്നും ഉണ്ണി പറയുന്നു. പുലര്‍ച്ചെ നാലുമണിക്കാണ് മേക്കപ്പിടുന്നത്. പുരികം ത്രെഡ് ചെയ്യുമ്പോഴത്തെ വേദന സഹിക്കാവുന്നതിലും അധികമായിരുന്നു. കരയുക പോലും ചെയ്തു.പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്.

ഈയൊരു എപ്പിസോഡ് തീര്‍ന്നു കിട്ടിയതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്കെ വച്ച് നെയില്‍ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്. ടീമിന്റെ ആശ്വാസ വാക്കുകളാണ് ഇതൊന്നു തീര്‍ത്തു തന്നത്.

സത്യത്തില്‍ ഇതിന്റെ വിജയം ടീമിന്റെ സപ്പോര്‍ട്ട് തന്നെയാണ്‌പെണ്‍വേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പെണ്ണായി മാറുമ്പോള്‍ വലിയ വെല്ലുവിളി ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളര്‍ന്നിട്ടുള്ളത്. പക്ഷേ കുറച്ച് മോഡേണും സെക്‌സിയായിട്ടൊക്കെയാണ് അതില്‍ ഉള്ളത്. ഫോട്ടോ കാണുമ്പോള്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ടെന്‍ഷനുണ്ടായിരുന്നു.

ഞങ്ങളുടെ ആര്‍ട്ട് മേക്കര്‍ എന്റെ മുന്നില്‍കൂടി പോയപ്പോള്‍ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റില്‍ കയറാന്‍ സമയത്തും ‘സോറി മാം ‘ എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് ചെറുക്കന്മാര്‍ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവര്‍ക്ക് അറിയാം ഉണ്ണിയാണ് പെണ്‍വേഷത്തിലെന്ന്. അതില്‍ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അപ്പോള്‍ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു ‘ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്’. അങ്ങനെ രസകരമായ പല സംഭവങ്ങളും ഉണ്ടായിരുന്നു. ഉണ്ണി പറയുന്നു. മറ്റുള്ളവരുടെ കൂര്‍ത്തനോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മനസിലായതായും ഉണ്ണി പറയുന്നു.

 

 

Related posts