കൊച്ചിയില്‍ ചാനല്‍ സംഘത്തെ നടന് ഉണ്ണി മുകുന്ദനും കൂട്ടാളികളും തടഞ്ഞുവച്ച് ആക്രമിക്കുകയും ക്യാമറ നശിപ്പിക്കുകയും ചെയ്തതായി പരാതി. കൊച്ചി തോപ്പുംപടിയില്‍ ഉണ്ണിയുടെ സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം. ഉണ്ണി മുകുന്ദന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഉണ്ണിയോട് വിവരം ആരാഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എം.എസ്. ലിഷോയ്, ക്യാമറമാന് നിഖില്‍ ജോസഫ് എന്നിവരെയാണ് ആക്രമിച്ചത്.
സംഭവത്തെക്കുറിച്ച് ലിജീഷ് പറയുന്നത് ഇങ്ങനെ- മാസ്റ്റര്‍പീസ് സിനിമുടെ വിജയാഘോഷം നടക്കുന്നുണ്ടെന്നു പറഞ്ഞാണ് തങ്ങളെ വിളിച്ചുവരുത്തിയത്. തോപ്പുംപടിയിലായിരുന്നു. ചാണക്യതന്ത്രം എന്ന സിനിമയുടെ ഷൂട്ടിംഗായിരുന്നു അവിടെ നടന്നത്. അവിടെച്ചെന്ന് മാസ്റ്റര്‍പീസിന്റെ ആഘോഷ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു. അതിനുശേഷം ഉണ്ണി മുകുന്ദനെതിരേ യുവതി പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോയെന്ന് അദേഹത്തോട് ചോദിച്ചു. മറുപടി കേട്ടാലറയ്ക്കുന്ന ചീത്തവിളിയായിരുന്നു. ഈ ചോദ്യം എന്നോട് ചോദിച്ചതെന്തിനാണെന്നായിരുന്നു തിരിച്ചുള്ള ചോദ്യം.
അതിനിടെ ഉണ്ണിയുടെ സുഹൃത്തുക്കളായ ചിലര്‍, കണ്ടാല്‍ ഗുണ്ടകളെ പോലെ തോന്നിക്കുന്നവര്‍ ഞങ്ങളെ വളയുകയും ദൃശ്യങ്ങള്‍ മായ്ച്ചുകളയാന്‍ ആവശ്യപ്പെടുകയും ചെയ്തു. സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ചാനലിലെ പ്രെഡ്യൂസറുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ നശിപ്പിച്ചു. അതിനുശേഷമാണ് അവര്‍ ഞങ്ങളെ വെറുതെ വിട്ടത്. അടുത്തിടെയാണ് തിരക്കഥ കേള്‍പ്പിക്കാന്‍ ചെന്ന തന്നെ ഉണ്ണി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് യുവതി കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. ഈ കേസില്‍ ഉണ്ണിക്കെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.