മലയാള സിനിമയ്ക്ക് ഇത് കഷ്ടകാലമാണോ? പ്രമുഖരുടെ മരണത്തിനൊപ്പം സൂപ്പര്‍ താരങ്ങള്‍ കേസില്‍പ്പെടുന്നതും മയക്കുമരുന്ന്, സെക്‌സ് റാക്കറ്റ് കേസുകളില്‍ നടന്മാരും നടിമാരും ഉള്‍പ്പെടുന്നത് സര്‍വസാധാരണമാണ്. കുറച്ചുദിവസമായി ഉണ്ണി മുകുന്ദനാണ് പുതിയ വാര്‍ത്തയിലെ കേന്ദ്ര കഥാപാത്രം. തന്നെ ഒരു യുവതി ബ്ലാക്‌മെയില്‍ ചെയ്യുന്നതായി ഉണ്ണി പോലീസില്‍ പരാതി നല്കിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം. എന്നാല്‍ യുവതിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ യുവനടന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, സംഭവം ഒത്തുതീര്‍പ്പാക്കാന്‍ സിനിമരംഗത്തെ ഉന്നതന്‍ വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇരുകൂട്ടര്‍ക്കും വലിയ ദോഷമില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ രമ്യതയില്‍ തീര്‍ക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. അതേസമയം, യുവതിയുടെ പക്കല്‍ നടനെതിരായ തെളിവുകള്‍ ഉണ്ടെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യുവതിക്ക് ഉണ്ണി അയച്ചെന്നു പറയുന്ന വാട്‌സപ്പ് മെസേജ് അടക്കമുള്ള തെളിവുകള്‍ പുറത്തുവിടുമെന്നാണ് സൂചന.
യുവതി പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്- ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാന്‍ വേണ്ടി ഞാന്‍ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി. പറഞ്ഞസമയത്ത് എത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം കഥപറയാന്‍ തുനിഞ്ഞെങ്കിലും നടന്‍ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. തുറിച്ചുനോക്കി ഇരിക്കുക മാത്രമാണു ചെയ്തത്.
കഥയെ സംബന്ധിച്ച് പ്രാഥമികവിവരണം നടത്തിയതിനു പിന്നാലെ നടന്‍ വീട് ചുറ്റിക്കാണാന്‍ ക്ഷണിച്ചെങ്കിലും താന്‍ വിസമ്മതിച്ചു. വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണാമെന്നായി നടന്‍. അതും നിരാകരിച്ചതോടെ നടന്‍ ബലം പ്രയോഗിച്ച് തന്നെ വീടിന്റെ മുകള്‍ നിലയിലേക്കു കൊണ്ടുപോയി. എതിര്‍പ്പവഗണിച്ച് ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി ബലാത്കാരമായി ചുംബിക്കാന്‍ ശ്രമിച്ചു. പിടി അല്‍പം അയഞ്ഞതോടെ സര്‍വശക്തിയുമുപയോഗിച്ച് നടനെ തള്ളിമാറ്റി. ഉച്ചത്തില്‍ ബഹളം വച്ചതോടെ നടന്‍ പിന്തിരിഞ്ഞു. പിന്നീട് നടന്‍തന്നെയാണു തനിക്കു പോകാന്‍ ഊബര്‍ ടാക്‌സി വിളിച്ചുവരുത്തിയത്. വീടിന്റെ വാതില്‍ തുറന്നുതന്നെങ്കിലും നടന്‍ പുറത്തിറങ്ങിയില്ല.
ഈ കാര്യങ്ങളൊക്കെ ഞാന്‍ കാക്കനാട്ട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്കിയിരുന്നു. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണിയെ രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്- യുവതി പറയുന്നു.
( ഉണ്ണി മുകുന്ദന്റെ പരാതിയിലും യുവതി നല്കിയ അഭിമുഖത്തില്‍ നിന്നും തയാറാക്കിയ റിപ്പോര്‍ട്ട്)