കൊച്ചി: പീഡനക്കേസിൽ സിനിമാതാരം ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കിടെയാണ് പരാതിക്കാരി ആവശ്യമുന്നയിച്ചത്. തന്റെ പേര് നടൻ വെളിപ്പെടുത്തിയെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.
ഉണ്ണിമുകുന്ദൻ സിനിമ മേഖലയിലുള്ള യുവതിയെ വീട്ടിൽ വച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ഓഗസ്റ്റ് 28 നു ഉച്ചകഴിഞ്ഞു 3.30 നു നടന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ വച്ച് മാനഭംഗ ശ്രമം നടന്നുവെന്നാണ് പരാതി. പോലീസിൽ പരാതി നൽകാതെ രണ്ടുമാസത്തിന് ശേഷം കോടതിയിൽ നേരിട്ട് അഭിഭാഷകൻ മുഖേനയാണ് യുവതി പരാതി നൽകിയത്.
അതേസമയം, സിനിമാ ജീവിതം തകർക്കാനും തന്നെ അപമാനിക്കാനും മറ്റു ചിലരുമായി ഗൂഢാലോചന നടത്തി യുവതി കള്ളക്കേസ് ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദൻ ആരോപിക്കുന്നത്. ദുബായിലുള്ള അഭിഭാഷകൻ ഫെലിക്സ്, സിനിമാപ്രവർത്തകൻ എന്നവകാശപ്പെടുന്ന അലക്സ്, റിനോയ്, എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളാണെന്നു ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു.