ബിഗ് ബി എന്ന സിനിമയിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗ് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്നു പറഞ്ഞ സംവിധായകന്‍ കമലിനെതിരെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍. രംഗത്ത്. കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ലെന്നാണ് ബിഗ് ബി സിനിമയുടെ സംഭാഷണ രചയിതാവ് കൂടിയായ ഉണ്ണി പറഞ്ഞത്.
ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍വച്ചായിരുന്നു കമല്‍ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തെ കുറിച്ച് സംസാരിച്ചത്. ‘കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം മട്ടാഞ്ചേരിയില്‍ ചിത്രീകരിച്ചപ്പോള്‍ പലരും നിരുത്സാഹപ്പെടുത്തി. എന്നാല്‍ മട്ടാഞ്ചേരിക്കാര്‍ തന്നോട് പൂര്‍ണമായി സഹകരിച്ചു. കൊച്ചിയെ ക്വട്ടേഷന്‍കാരുടെ നാട് അല്ലാതെ ചിത്രീകരിച്ച ചുരുക്കം സിനിമകളിലൊന്നാണ് ഇതെന്നാണ് പിന്നീട് ചില സുഹൃത്തുക്കള്‍ ഗ്രാമഫോണിനെ കുറിച്ച് പറഞ്ഞത്’- ഇങ്ങനെയായിരുന്നു കമലിന്റെ വാക്കുകള്‍.
ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കമലിനോടുള്ള ചോദ്യങ്ങളുമായി ഉണ്ണി എത്തിയത്. കൊച്ചി പഴയ കൊച്ചിയല്ല എന്ന ഡയലോഗ് എങ്ങനെയാണ്, എന്തിനാണ് താങ്കളെ ചൊടിപ്പിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്ന് ഉണ്ണി ആര്‍ പറഞ്ഞു. സിനിമയില്‍ സന്ദേശം വേണമെന്ന് കരുതുന്ന തലത്തില്‍ നിന്ന് സിനിമ ഒരുപാട് മുന്നോട്ട് പോയി.
കൊച്ചി മാത്രമല്ല കാലവും പഴയ കാലമല്ലെന്ന് ഉണ്ണി ഓര്‍മിപ്പിച്ചു. നമ്മുടെ രാജ്യം പഴയ രാജ്യമല്ലെന്നും കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യം താങ്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടല്ലോ എന്നും ഉണ്ണി ചോദിക്കുന്നു. ഇസ്‌ലാമിക് ഹെറിറ്റേജിന്റെ ബഹുസ്വരതയെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടാണ് താങ്കള്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് എന്നത് വിചിത്രമാണെന്നും ഉണ്ണി ആര്‍ പറയുന്നു.
കൊച്ചിക്ക് പല മുഖങ്ങളുണ്ടെന്നും അത് ഗ്രാമഫോണ്‍ സംഗീതം മാത്രമല്ലെന്നും കമലിന്റെ വാക്കുകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഉണ്ണി പറഞ്ഞു. മലയാള സിനിമയില്‍ സാമൂഹ്യ വിരുദ്ധവും അരാഷ്ട്രീയവുമായ ഡയലോഗുകള്‍ ഉണ്ട് എന്ന് പറയുകയായിരുന്നു താങ്കളുടെ ഉദ്ദേശമെങ്കില്‍ അത് പറയണമായിരുന്നു. പക്ഷേ, അതിനുവേണ്ടി താങ്കള്‍ തെരഞ്ഞെടുത്ത ഡയലോഗ് മാറിപ്പോയെന്ന് സ്നേഹപൂര്‍വം വിമര്‍ശിക്കട്ടെയെന്നും ഉണ്ണി ആര്‍ കുറിപ്പില്‍ പറഞ്ഞു. ആ ഡയലോഗ് എഴുതിയ ഉണ്ണി ആര്‍ എന്ന് സ്വയം സംബോധന ചെയ്താണ് ഉണ്ണി കുറിപ്പ് അവസാനിപ്പിച്ചത്.