തിരുവനന്തപുരം: നടൻ രാജൻ.പി.ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യയുടെ ബന്ധുക്കൾ രംഗത്ത്.
രാജൻ.പി. ദേവിന്റെ മകൻ ഉണ്ണി.പി. ദേവിന്റെ ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ പ്രിയങ്കയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ തന്നെ ഉണ്ണി നിരവധി തവണ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കാട്ടി നേരത്തെ പ്രിയങ്കയും സഹോദരനും വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ മർദിക്കുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ പരാതി അങ്കമാലി പോലീസിന് കൈമാറിയിരുന്നുവെന്ന് വട്ടപ്പാറ പോലീസ് പറഞ്ഞു.
ഉണ്ണി.പി. ദേവും പ്രിയങ്കയും അങ്കമാലിയിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചക്കാണ് പ്രിയങ്കയെ വെമ്പായത്തെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെന്പായത്തെ സ്വന്തം വീട്ടിലെത്തിയത്.
മരണത്തിന് തലേ ദിവസമാണ് പ്രിയങ്ക വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയത്. കോവിഡ് പരിശോധന ഫലത്തിനായി പോലീസ് സാമ്പിൾ നൽകി.
ഫലം ലഭിച്ച ശേഷം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കും. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വട്ടപ്പാറ പോലീസ് കേസെടുത്തു.