തിരുവനന്തപുരം: 40 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞ് കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ(24) പോലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- പനവൂർ സ്വദേശിയായ സ്ത്രീയുമായി ഉണ്ണികൃഷ്ണൻ അടുപ്പത്തിലായിരുന്നു.
ഉണ്ണികൃഷ്ണൻ പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്നു പിന്മാറിയതോടെ യുവതി ഉണ്ണികൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി.
പിന്നീട് പോലീസിന്റെ മധ്യസ്ഥതയിൽ വിവാഹം കഴിക്കാമെന്ന് ഉണ്ണികൃഷ്ണൻ ഉറപ്പു നൽകിയതോടെ യുവതി പരാതി പിൻവലിച്ചു. തുടർന്ന് ഇവർ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ മാസമാണ് ഇവർക്കു പെൺകുഞ്ഞ് പിറന്നത്. വ്യാഴാഴ്ച നൂലുകെട്ട് ചടങ്ങുകൾക്കു ശേഷം കുഞ്ഞിനെ തന്റെ അമ്മയെ കാണിക്കണമെന്ന് ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു.
ഇതേത്തുടർന്നു യുവതി കുഞ്ഞിനെയുമായി ഓട്ടോയിലും ഉണ്ണിക്കൃഷ്ണൻ ബൈക്കിലും തിരുവല്ലത്തേക്കു തിരിച്ചു. വീടിനു സമീപമെത്തിയപ്പോൾ കുട്ടിയെ വാങ്ങി ഉണ്ണിക്കൃഷ്ണൻ പോവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുലർച്ച 2.30ക്ക് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണെത്തിയത്.