ഒറ്റരാത്രികൊണ്ട് എല്ലാം ഒലിച്ചുപോയില്ലേ സാറേ; പ്രളയത്തിൽ ഉണ്ണികൃഷ്ണന് നഷ്ടമായത് 16 ലക്ഷം രൂപയുടെ വനാമി ചെമ്മീനുകൾ

സെബി മാളിയേക്കൽ
കൊടുങ്ങല്ലൂർ: “ഒ​റ്റ ദി​വ​സം​കൊ​ണ്ട് എ​ല്ലാം ത​ക​ർ​ന്നു​പോ​യി… സാ​റേ, ഒ​രാ​ഴ്ച​കൂ​ടി ക​ഴി​ഞ്ഞി​ട്ട് പി​ടി​ക്ക്യാ​ന്ന് വ​ച്ച​താ. 119 ദി​വ​സം പ്രാ​യ​മാ​യ നാലു ട​ണ്‍ വ​നാ​മി ചെ​മ്മീ​നാ പോ​യ​ത്. ഇ​നി എ​ന്തു​ചെ​യ്യൂ​ന്ന് ഒ​രു എ​ത്തും​പി​ടീം ഇ​ല്ല്യ’. ദു​ര​ന്തം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​ന്ന​ലെ​യു​ണ്ടാ​യ ആ​ഘാ​ത​ത്തി​ലെ​ന്ന​പോ​ലെ ത​ള​ർ​ന്നി​രു​ന്ന് ഉ​ണ്ണി​യേ​ട്ട​ൻ പ​റ​ഞ്ഞു. മ​ഹാ​പ്ര​ള​യം കൊ​ടു​ങ്ങ​ല്ലൂ​ർ നാ​രാ​യ​ണ​മം​ഗ​ലം ന​യ്ക്കു​ളം കാ​ട്ടു​പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നു സ​മ്മാ​നി​ച്ച​ത് 21 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ചെ​മ്മീ​ൻകൃ​ഷി ചെ​യ്തു​വ​ന്നി​രു​ന്ന ഈ ​മ​ത്സ്യ​ക​ർ​ഷ​ക​ൻ ലാ​ഭ​മി​ല്ലാ​താ​യ​പ്പോ​ഴാ​ണ് ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് കാ​ര​ച്ചെ​മ്മീ​നി​ൽ​നി​ന്നും വ​നാ​മി ചെ​മ്മീ​നി​ലേ​ക്കു മാ​റി​യ​ത്. ആ​ദ്യ ര​ണ്ടു ത​വ​ണ ത​ര​ക്കേ​ടി​ല്ലാ​ത്ത വി​ള​വു​ല​ഭി​ച്ചു. ആ​ദ്യ ത​വ​ണ കി​ലോ​യ്ക്ക് 500 രൂ​പ ല​ഭി​ച്ച​പ്പോ​ൾ പി​റ്റേത്ത​വ​ണ 400 രൂപ വീ​ത​മേ ല​ഭി​ച്ചു​ള്ളൂ. ഇ​ത്ത​വ​ണ കി​ലോ​യ്ക്ക് 400 രൂ​പ​യേ മാ​ർ​ക്ക​റ്റു​ള്ളൂ. ഓ​ണ​ത്തി​നു​മു​ന്പാ​യി വി​ള​വെ​ടു​ക്കാ​മെ​ന്നു ക​രു​തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

“സാ​ധാ​ര​ണ നാ​ലു​മാ​സാ​ണ് വ​ള​ർ​ച്ചാ കാ​ലാ​വ​ധി. ക​ണ​ക്കു​ംപ്ര​കാ​രം ഒ​രു ദി​വ​സേ ബാ​ക്കി​ണ്ടാ​യ്​ര്ന്നു​ള്ളൂ​​ങ്കി​ലും ഒ​ര​ല്പം​കൂ​ടി വ​ലു​പ്പം വ​യ്ക്കാ​ന്ണ്ടാ​ർന്നു. അ​തോ​ണ്ട് ഓ​ണ​ത്തി​നുമു​ന്പാ​യി പി​ടി​ക്ക്യാ​ന്ന്‌വ​ച്ചു. ഇ​നി​പ്പോ പ​റ​ഞ്ഞി​ട്ട്ന്താ കാ​ര്യം. തീ​റ്റ വാ​ങ്ങ്യോ​ട​ത്ത് ആ​റുല​ക്ഷം, കൈ​വാ​യ്പ അ​ഞ്ചാ​റു പേ​ര്ടേ​ന്നാ​യി നാ​ല് – നാ​ല​ര ല​ക്ഷം, ഒ​ക്കെ ഇ​ത​ങ്ങ്ട് പി​ടി​ക്കു​ന്പം കൊ​ടു​ക്കാ​ന്നാ വി​ചാ​രി​ച്ച്യേ.

ഒ​ക്കെ ത​ക​ർ​ത്തി​ല്ലേ…’ ഉ​ണ്ണി​കൃ​ഷ്ണ​ൻ നെ​ടു​വീ​ർ​പ്പി​ട്ടു​കൊ​ണ്ടു പ​റ​ഞ്ഞു.”15നു ​വെ​ളു​പ്പി​നു മൂ​ന്നു​മ​ണി​യോ​ടെ വെ​ള്ളം പൊ​ന്ത​ണ ക​ണ്ട​പ്പോ ഷെ​ഡി​ൽ കി​ട​ന്നി​രു​ന്ന ഞാ​നും കൂ​ട്ടു​കാ​ര​ൻ ശ​ശി​യും എ​ഴു​ന്നേ​റ്റു. പോ​ണ്ടി​ലേ​ക്ക് വെ​ള്ളം ക​യ​റാ​നി​ട​യ്ണ്ട്ന്ന് തോ​ന്നി. നേ​രം വെ​ളു​ത്ത​പ്പോ കൂ​ട്ടു​കാ​രെ വി​ട്ട് ചെ​റി​യ നൈ​ലോ​ണ്‍ വ​ല വാ​ങ്ങി. എ​ല്ലാ​രും​കൂ​ടി ര​ണ്ട​ര ഏ​ക്ക​റി​ലും ബ​ണ്ടി​നു മു​ക​ളി​ൽ ഒ​ര​ടി ഉ​യ​ര​ത്തി​ൽ നെ​റ്റ് ഇ​ടാ​ൻ തൊ​ട​ങ്ങി.

ക​ഴി​ഞ്ഞ​പ്പൊ രാ​ത്രി ഏ​ഴ​് ഏഴര​യാ​യി. ഞ​ങ്ങ​ൾ ഷെ​ഡി​ൽപോ​യി കി​ട​ന്നു. 16നു ​പു​ല​ർ​ച്ചെ ര​ണ്ടുമ​ണി​യാ​യി​ക്കാ​ണും. ബ​ണ്ടി​നു മു​ക​ളി​ലേ​ക്കും ഷെ​ഡി​നു​ള്ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു​ക​യ​റി. കൊ​റ​ച്ചുനേ​രം നോ​ക്കി​നി​ന്നെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​ന്ണ്ടാ​യി​ല്ല. നെ​ഞ്ചു​രു​ക​ണ വേ​ദ​ന​യോ​ടെ ഞ​ങ്ങ​ൾ ജീ​വ​നും​കൊ​ണ്ടും ര​ക്ഷ​പ്പെ​ട്ടു.’

ഉണ്ണികൃഷ്ണന് 16 ല​ക്ഷം രൂ​പ​യു​ടെ വ​നാ​മി ചെ​മ്മീ​നും മോ​ട്ടോ​റും ഷെ​ഡും വ​ല​ക​ളും ജ​ന​റേ​റ്റ​റും എ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. “സ​ർ​ക്കാ​രെ​ന്തെ​ങ്കി​ലും കാ​ര്യ​ാ​യി ചെ​യ്താ​ലേ ഇ​നി കൃ​ഷി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ പ​റ്റൂ’, ദു​ര​ന്ത​ഭൂ​മി ചൂ​ണ്ടി​ക്കാ​ട്ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ചെ​മ്മീ​ൻ​കൃ​ഷി ക​ർ​ഷ​ക​നു​ള്ള ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന അ​വാ​ർ​ഡു​ം 2013 ലെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡു​ം നേടി​യ നാ​രാ​യ​ണ​മം​ഗ​ലം ചെ​റ​വ​ട്ടാ​യി​ൽ സു​രേ​ന്ദ്ര​നു പ്ര​ള​യം ഉ​ണ്ടാ​ക്കി​യ​ത് 30 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ്. പ​തി​നേ​ഴ​ര ഏ​ക്ക​റി​ൽ വ​നാ​മി ചെ​മ്മീ​ൻ കൃ​ഷി ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​നു മൂ​ന്നി​ലൊ​ന്നു കൃ​ഷി​യി​ട​ത്തി​ൽ വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​യെ​ന്ന​തു ന​ഷ്ട​ത്തി​നി​ട​യി​ലും തെ​ല്ലാ​ശ്വാ​സ​മേ​കു​ന്നു.

Related posts