ഡാജി ഓടയ്ക്കൽ
വെള്ളരിക്കുണ്ട് : ജന്മനാ ബാധിച്ച രോഗത്തിന്റെ കെടുതികളിൽനിന്ന് രക്ഷപ്പെടുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണിക്കുട്ടൻ. നിവർന്നു കിടക്കുക, എഴുന്നേറ്റു നടക്കുക, കൂട്ടുകാരോടൊപ്പം കളിക്കുക തുടങ്ങിയവയൊക്കെയാണ് ഉണ്ണിക്കുട്ടന്റെ ആഗ്രഹങ്ങൾ.
കഴിഞ്ഞ 16 വർഷങ്ങളായി ഈ മോഹങ്ങളെല്ലാം ഉള്ളിലൊതുക്കിക്കഴിയുകയായിരുന്നു . എന്നാൽ ഇപ്പോൾ ഉണ്ണിക്കുട്ടന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ പൊൻപ്രഭ വീശിത്തുടങ്ങിയിരിക്കുന്നു.
ജിം പരിശീലകനായ പി.വി. ഷിജുവാണ് ഉണ്ണിക്കുട്ടന് പ്രതീക്ഷ നൽകിയിരിക്കുന്നത്. കരിവെള്ളൂർ എ.വി. സ്മാരക ഗവൺമെന്റ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് ശരത് മോഹനൻ എന്ന ഉണ്ണിക്കുട്ടൻ. പയ്യന്നൂരിനടുത്ത കാങ്കോലിലെ തെയ്യം കലാകാരനായ മോഹനന്റെയും ശാരദയുടെയും മകൻ. ജന്മനായുള്ള സെറിബ്രൽ പാൾസിയാണ് ഉണ്ണിക്കുട്ടനെ തളർത്തിയത്.
ജനിച്ചപ്പോൾ ഇരുകാലുകളും പിണഞ്ഞനിലയിലായിരുന്നു. പലവിധ ചികിത്സകളാൽ ഒരുകാൽ നിവർന്നു. എന്നാൽ വലതുകാൽ മടങ്ങിയനിലയിൽ തുടർന്നു. ഇതുമൂലം നടക്കാൻ കഴിയില്ല.
വശങ്ങളിലേക്ക് ചരിഞ്ഞു മാത്രമേ കിടക്കാനാകൂ. മൂത്തസഹോദരങ്ങളുടെ സഹായത്തോടെ സ്കൂൾ ജീവിതം ആരംഭിച്ച ഉണ്ണിക്കുട്ടൻ ഇപ്പോൾ ബൈക്കിന്റെ പിന്നിലിരുന്നാണ് സ്കൂളിൽ പോകുന്നത്. മികച്ച നാടൻ പാട്ടുകാരനാണ് ഉണ്ണിക്കുട്ടൻ. കൂട്ടുകാരെപ്പോലെ നടക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ താൻ വളരെയധികം അന്തർമുഖനായി മാറിയെന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു.
ഇതിനിടയിലാണ് മൂന്നുമാസം മുന്പ് വെള്ളരിക്കുണ്ടിൽ മസിൽ ആൻഡ് ഫിറ്റ്നസ് ജിം നടത്തുന്ന പി.വി. ഷിജു ഉണ്ണിക്കുട്ടനെ പരിചയപ്പെടുന്നത്. രോഗാവസ്ഥ മനസിലാക്കിയ ഷിജു ഉണ്ണിക്കുട്ടന് ആത്മവിശ്വാസം നൽകി കൂടെക്കൂട്ടി .
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അത്ഭുതകരമായ മാറ്റം കണ്ട ഉണ്ണിക്കുട്ടനും കുടുംബാഗങ്ങളും പിന്നെ ചിട്ടയായ പരിശീലനവുമായി ഒപ്പംനിന്നു. “ശരീരത്തിന്റെ വാസ്തുശാസ്ത്രം’ എന്ന പുസ്തകമെഴുതുകയും നാച്ചുറൽ ജിമ്മിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി യുവതലമുറയെ ഉത്തേജകമരുന്ന് ഉപയോഗത്തിൽനിന്ന് രക്ഷിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്ന പരിശീലകനാണ് ഷിജു. ഇദ്ദേഹത്തിനൊപ്പംആലക്കോട്ട് വെൽനസ് ജിം നടത്തുന്ന കെ.പി. നവീൻ കുമാറുമുണ്ട് .
മസിലുകളുടെ ബലപ്പെടുത്തലിലൂടെയാണ് ഉണ്ണിക്കുട്ടനെ സ്വാഭാവികരീതിയിലേക്ക് കൊണ്ടുവരുന്നത്. ജന്മനാ വൈകല്യങ്ങൾ സംഭവിച്ച പലർക്കും ശരിയായ വ്യായാമമുറ ചെറുപ്പത്തിലേ ലഭിച്ചാൽ അവരെ പൂർണമായി സുഖപ്പെടുത്താൻ സാധിക്കുമെന്ന് ഷിജു പറയുന്നു.
ഉണ്ണിക്കുട്ടൻ ഇപ്പോൾ ദിവസവും വെള്ളരിക്കുണ്ടിലെ ജിമ്മിലെത്തുന്നുണ്ട്. സ്കൂൾവിട്ട് ജ്യേഷ്ഠനാണ് കൊണ്ടുവരുന്നത്. രാവിലെ വീട്ടിലും പരിശീലനം നടത്തും. ഇപ്പോൾ തനിക്ക് നടക്കാനും നിവർന്നുകിടക്കാനും തനിയെ ബൈക്കിൽ കയറാനും കഴിയുന്നുണ്ടെന്ന് ഉണ്ണിക്കുട്ടൻ ദീപികയോട് പറഞ്ഞു. വരുംനാളുകളിലെ പരിശീലനത്തിൽ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഉണ്ണിക്കുട്ടൻ.