കൊച്ചി: മേപ്പടിയാൻ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് ഇഡി പരിശോധനയ്ക്ക് എത്തിയതെന്ന് നടൻ ഉണ്ണി മുകുന്ദൻ.
സാമ്പത്തിക സ്ത്രോതസുകളെ പറ്റി ഉദ്യോഗസ്ഥർ അന്വേഷിച്ചു. കണക്കുകൾ എല്ലാം നൽകിയെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലുമാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയത്. താരത്തിന്റെ ഒറ്റപ്പാലത്തെ ഓഫീസിലായിരുന്നു റെയ്ഡ്.
കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധനയ്ക്ക് എത്തിയത്.
അതേസമയം, ഉണ്ണി മുകുന്ദന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടാണെന്ന് സൂചന.
കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമടക്കം 11 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ കറൻസി അടക്കം കോടികൾ വിലയുള്ള വസ്തുക്കൾ പിടികൂടിയതായാണ് വിവരം.
മലപ്പുറം സ്വദേശിയായ നിഷാദാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതി. ഇയാളുമായി ഉണ്ണി മുകുന്ദൻ പ്രൈവറ്റ് സിനിമാസ് കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഉണ്ണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
മലപ്പുറത്തും കൊച്ചിയിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ അൻസാരി നെക്സൽ എന്ന ഓഫീസിലാണ് റെയ്ഡ് നടന്നത്.