കൊച്ചി: ഉണ്ണി മുകുന്ദന് പ്രതിയായ പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്നും വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് നല്കിയ ഹര്‍ജി കോടതി തള്ളി.
ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ കോടതി നീക്കി. കൊച്ചിയിലെ കോടതിയില്‍ നടക്കുന്ന വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.
2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കിയതായി കോടതിയെ ബോധ്യപ്പെടുത്തി നടന്റെ അഭിഭാഷകന് സൈബി ജോസ് കേസില്‍ സ്റ്റേയും വാങ്ങി. എന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ചുകൊണ്ട് പിന്നീട് രംഗത്തെത്തുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്റെ പേരില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ സത്യവാംഗ്മൂലമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.