ലോഹിതദാസ് മരിക്കുന്നതിന് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്കുശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു.
താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു.
വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.
പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് ലോഹി പോയി. അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു.
സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതായെന്നും.
അങ്ങനെയാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ഞാൻ ആദ്യം കണ്ടുമുട്ടിയത്.
പക്ഷേ അവിടെ തോറ്റ് പിന്മാറാൻ ഉണ്ണി തയാറായില്ല. ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്ഫാദറിന്റെ യും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദൻ. -സിബി മലയിൽ