സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണി മുകുന്ദന്റെ മുഖം ഓർമിച്ചെടുത്ത് സംവിധായകൻ വിനോദ് ഗുരുവായൂർ.
ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാതാകുന്ന ‘മേപ്പടിയാൻ’ജനുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്.
പോസ്റ്റിന്റെ പൂർണരൂപം
മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്… ഉണ്ണി മുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ.
വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്.
അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു.
ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും.
സാറിന്റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു.
ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമാ മോഹം അവിടെ അവസാനിച്ചെന്നു കരുതിയ ഉണ്ണിയെ ഞാൻ സമാധാപ്പിച്ചത് ഒരേ ഒരു വാക്കിലായിരുന്നു… നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്…
നിന്നെ ഒരുപാടു ഇഷ്ടമായിരുന്നു സാറിനു, അതുകൊണ്ട് സിനിമയിൽ നീ ഉണ്ടാകും… അതിപ്പം സത്യമായി.
നടനോടൊപ്പം പ്രൊഡ്യൂസർ കൂടി ആയി.. എനിക്കറിയാം ഉണ്ണിയെ… അവനാഗ്രഹിച്ച ജീവിതം അവൻ നേടും… ലോഹിസാറിന്റെ അനുഗ്രഹം അവനോടൊപ്പം ഉണ്ട്.
വിനോദ് ഗുരുവായൂർ.