കാഞ്ഞങ്ങാട്: കാസർഗോഡ് പാർലമെന്റ് നിയോജക മണ്ഡലത്തിലെ വിവിധ മേഖലയിലെ വികസനത്തിനു വിഘാതം മംഗലാപുരം ലോബികളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ.
ഇന്നു രാവിലെ കാഞ്ഞങ്ങാട്ട് പ്രസ് ഫോറത്തിൽ മീറ്റ് ദി പ്രസ് പരിപാടികൾ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അനിശ്ചിതത്വത്തിന്റെ കാരണം മറ്റൊന്നുമല്ല. 35 വർഷം ഇടതുപക്ഷ എംപി ഉണ്ടായിരുന്നിട്ടും അവസ്ഥ ഇതാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് സർക്കാറും യു പി എ സർക്കാറും കൊണ്ടുവന്ന പദ്ധതികൾ മാത്രമേ ജില്ലയിലടക്കം കേരളത്തിലുള്ളൂ.
ഇവർ എട്ടുകാലി മമ്മൂഞ്ഞിയുടെ റോൾ ഏറ്റെടുത്തിരിക്കയാണ്. കാഞ്ഞങ്ങാട് – കാണിയൂർ പാത യുപിഎ സർക്കാറിൽ ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയും ഇ.അഹമ്മദ് സഹമന്ത്രിയും ആയപ്പോൾ കൊണ്ടുവന്ന പദ്ധതിയാണ്.റെയിൽവേയ്ക്ക് അനുയോജ്യ സർട്ടിഫിക്കറ്റ് ലഭിച്ചതും യു ഡി എഫ് സംസ്ഥാനം ഭരിക്കുമ്പോഴാണ്.
കേരളത്തിൽ പെടുന്ന സ്ഥലത്തിന്റെ മുഴുവൻ പണവും സംസ്ഥാന സർക്കാർ നൽകണമെന്ന നിർദേശം ഇടതു സർക്കാർ തള്ളിയ സാഹചര്യമാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ നൽകിയ റിപ്പോർട്ടിൽ ഭൂമിയുടെ പകുതി പണം നൽകാമെന്ന് വ്യവസ്ഥ വെയ്ക്കുക മാത്രമായിരുന്നു. കേരളത്തിന്റെ പദ്ധതിയാണെന്നിരിക്കെ കർണാടക സർക്കാറുമായി ചർച്ച നടത്താൻ പോലും സർക്കാർ തയാറായില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.