തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമ കേസിൽ മാപ്പുസാക്ഷി കണ്ടെയ്നർ സന്തോഷിന്റെ ഫോൺ സംഭാഷണത്തിന്റെ പൂർണ രൂപം വേണമെന്ന് ആവശ്യപ്പെട്ട കേസിലെ അഞ്ചാം പ്രതിയും ക്രൈംബ്രാഞ്ച് എസ്പിയുമായ എൻ. അബദുൾ റഷീദ് സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചു.
ഫോൺ സംഭാഷണം സിബിഐ കോടതി മുറിക്കകത്തു കേൾക്കാം. സിബിഐ അഭിഭാഷകരുടെയും കോടതി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാകും ഫോൺ സംഭാഷണം കേൾപ്പിക്കുക. എന്നാൽ, ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം വേണമെന്ന അബ്ദുൾ റഷീദിന്റെ ആവശ്യം കോടതി തള്ളി.
ഇത് ഒരുവ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കേസിനെ ബാധിക്കുമെന്നും സിബിഐ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്നതിനു മുൻപ് ഇത്തരം നീക്കം കേസിന്റെ നടപടി വൈകിപ്പിക്കാൻ കാരണമാകുമെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.