കാസര്‍ഗോഡ്: ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിനെതിരേ രൂക്ഷവിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളെപ്പോലും വിലകൽപ്പിക്കാത്ത തരത്തിലാണ് ജില്ലാ കളക്ടര്‍ പെരുമാറുന്നതെന്നു ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണിത്താന് കുറ്റപ്പെടുത്തി.
മറ്റു 13 ജില്ലകളിലെ കളക്ടര്മാര്ക്കുമില്ലാത്ത തരത്തില്‍ വൈരനിര്യാതനബുദ്ധിയോടെയാണ് കാസര്‍ഗോഡ് കളക്ടര്‍ പെരുമാറുന്നത്. താനടക്കമുള്ള ജനപ്രതിനിധികള്‍ ജനങ്ങളെ യജമാനന്മാരായി കണ്ടു ജനാധിപത്യത്തെ ബഹുമാനിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം ജനങ്ങളെ തെല്ലും വകവയ്ക്കാത്ത ഉദ്യോഗസ്ഥഭരണമാണ് ഇപ്പോള്‍ ജില്ലയില്‍ നടക്കുന്നതെന്നും എംപി പറഞ്ഞു. കോവിഡ് രോഗം ബാധിച്ച ആളുമായി അൽപ്പനേരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ജില്ലയിലെ രണ്ട് എംഎല്‍എമാരെ 28 ദിവസമാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ രോഗം ബാധിച്ച മറ്റൊരാളുമായി കൂടുതല്‍ സമയം സമ്പര്‍ക്കം പുലര്‍ത്തിയ കളക്ടര്‍ ഏതാനും ദിവസം മാത്രമാണ് ക്വാറന്റൈനില്‍ തുടര്‍ന്നത്. ഇദ്ദേഹത്തിനുമാത്രം നിയമങ്ങള്‍ പോലും ബാധകമല്ലെന്ന അവസ്ഥയാണ്.
ടിവി കാമറകള്‍ക്കു മുന്നില്‍ അഭിനയിക്കാനായി വാഹനം തടഞ്ഞുനിര്‍ത്തി കളിക്കുകയാണ് കളക്ടര്‍ ചെയ്യുന്നത്. വാഹന പരിശോധന പോലീസിന്റെ ഡ്യൂട്ടിയാണ്.
അതുചെയ്യാന്‍ അവരെ അനുവദിച്ചു കളക്ടര്‍ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയാണ് ചെയ്യേണ്ടത്. ജനപ്രതിനിധികള്‍ വിളിച്ചാല്‍ പോലും കളക്ടര്‍ ഫോണെടുക്കാറില്ല.
അതേസമയം തനിക്ക് താത്പര്യമുള്ളവര്‍ക്ക് പാസ് നൽകാനും അതിര്‍ത്തി കടത്തിക്കൊണ്ടുവരാനും മറ്റെല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാനും ശ്രദ്ധിക്കുന്നുമുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പാസ് നൽകണമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറഞ്ഞിട്ടും കാസര്‍ഗോഡ് കളക്ടര്‍ മാത്രം കൂട്ടാക്കുന്നില്ല.
കര്‍ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ പെട്ടുപോയ എത്രയോ കാസര്‍ഗോഡുകാരാണ് കളക്ടറുടെ നിഷേധാത്മക നിലപാടു മൂലം ദുരിതം സഹിക്കുന്നത്. കഴിഞ്ഞദിവസം പ്രതിശ്രുതവധുവായ യുവതിയെ വൈകുന്നേരം വരെ പിടിച്ചുനിര്‍ത്തിയതും ഈ മനോഭാവത്തിന്റെ ഉദാഹരണമാണ്.
കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലെത്താന്‍ ഒരുമിച്ചു പുറപ്പെടാനിരുന്ന 25 മലയാളികളില്‍ വിവിധ ജില്ലക്കാരായ 20 പേര്‍ക്കും പാസ് ലഭിച്ചു.
എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള അഞ്ചുപേര്‍ക്കു മാത്രം ഇവിടത്തെ കളക്ടര്‍ പാസ് അനുവദിച്ചില്ല. അതുകൊണ്ട് എല്ലാവരുടെയും യാത്ര മുടങ്ങി.
ഹോട്ട് സ്പോട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് പാസ് നൽകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഹോട്ട് സ്പോട്ടുകളില്‍ പെട്ടുപോയ നമ്മുടെ ഉറ്റവരും ഉടയവരും അവിടെക്കിടന്നു മരിച്ചോട്ടെ എന്നാണ് കളക്ടര്‍ പറയുന്നതെങ്കില്‍ അത് ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്നതിന് തുല്യമാണ്.
ഇത്തരം നിലപാടുകള്‍ക്കെതിരേ ജനങ്ങള്‍ക്കൊപ്പം നിന്നു ശക്തമായി പ്രതികരിക്കുമെന്നും അതിന് ജയിലില്‍ പോകേണ്ടിവന്നാല്‍ അതിനും തയാറാണെന്നും ഉണ്ണിത്താന് പറഞ്ഞു.
ജില്ലയിലെ ഓട്ടോ തൊഴിലാളികളോടും മറ്റു സാധാരണ തൊഴിലാളികളോടുമില്ലാത്ത സ്നേഹമാണ് കളക്ടര്‍ ലോക്ക് ഡൗണ്‍ കാലത്ത് ക്വാറി-മണല്‍ തൊഴിലാളികളോടു മാത്രം കാണിച്ചത്. ഇതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ സ്ഥാപിതതാത്പര്യങ്ങള് വ്യക്തമാണ്.
ജില്ലയില്‍ കോവിഡ് ബാധ നിയന്ത്രണവിധേയമാക്കുന്നതിനും സമൂഹവ്യാപന സാധ്യത തടയുന്നതിനും ആത്മാര്‍ത്ഥമായി പ്രയത്നിച്ച സ്പെഷല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയും ഐജി വിജയ് സാഖറേയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും രാപ്പകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്ത്തകരുടെയുമൊക്കെ സേവനം വിലമതിക്കാനാവാത്തതാണെന്നും അവര്‍ക്കൊക്കെ നന്ദി പറയുകയാണെന്നും എംപി പറഞ്ഞു.