ന്യൂഡൽഹി: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസ് ഡൽഹിയിലെ കോടതി വിധി ഉടൻ. കേസിൽ ഈ മാസം പതിനാറിനു ഡൽഹിയിലെ വിചാരണക്കോടതി വിധി പറയുമെന്നാണു റിപ്പോർട്ടുകൾ. കേസിൽ സിബിഐയുടെ വാദം കേൾക്കൽ തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു.
2017-ൽ പരാതിക്കാരിയായ പെണ്‍കുട്ടിയെ സെൻഗാർ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം നടക്കുന്പോൾ പരാതിക്കാരിക്ക് പ്രായപൂർത്തി ആയിരുന്നില്ല. പിന്നീടു മൂന്നു പേർ ചേർന്നും ഓടിക്കൊണ്ടിരുന്ന കാറിൽ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ജൂണ്‍ 20-ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ മടിച്ചു. പിന്നീട് കേസെടുത്തെങ്കിലും ബിജെപി എംഎൽഎയെ പ്രതിസ്ഥാനത്ത് നിന്നൊഴിവാക്കി.
സ്വന്തം എംഎൽഎയ്ക്കെതിരേയുള്ള ആരോപണമായതിനാൽ തുടക്കത്തിൽ ഉത്തർപ്രദേശ് സർക്കാരും അന്വേഷണം വൈകിപ്പിച്ചു. എന്നാൽ നീതി തേടി പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഇതോടൊപ്പം ജനരോഷവും ശക്തമായതോടെ അന്വേഷണസംവിധാനങ്ങൾ ചലിച്ചുതുടങ്ങി. ഉന്നാവോയിൽ ഏറെ സ്വാധീനമുള്ളയാളാണ് ആരോപണവിധേയനായ എംഎൽഎ. ലക്നോയിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് ഉന്നാവോ. നാലുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാളാണ് കുൽദീപ് സിംഗ്.
എംഎൽഎയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ആയുധനിയമം ചുമത്തി ഏപ്രിൽ മൂന്നിന് പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് പിടികൂടി. ഏപ്രിൽ അഞ്ചിന് ഇദ്ദേഹത്തെ ജയിലിലടച്ചു. ഇതിനുപിന്നാലെ പിതാവ് പപ്പു സിംഗ് ദുരൂഹസാഹചര്യത്തിൽ ജയിലിൽ മരിച്ചു. പപ്പുസിംഗിന്റെ ശരീരത്തിൽ ഗുരുതരമായ മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജൂലൈയിൽ, പരാതിക്കാരി സഞ്ചരിച്ച കാറിൽ ദുരൂഹ സാഹചര്യത്തിൽ ട്രക്ക് ഇടിക്കുകയും അവർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരാതിക്കാരിയുടെ അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകൾ അപകടത്തിൽ മരിച്ചു. ഈ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.