ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടി അപകടനില തരണംചെയ്തു. ഡൽഹി എയിംസിൽ ചികിത്സയിലുള്ള പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി. കേസിൽ സിബിഐ ഇതുവരെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെൺകുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ മൊഴി എടുക്കുവെന്നാണ് അറിയുന്നത്.
പെൺകുട്ടിയുടെ അഭിഭാഷകനും എയിംസിൽ ചികിത്സയിലാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ലക്നോവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽനിന്നും എയിംസിൽ എത്തിച്ചത്. പെൺകുട്ടിയെ എയിംസിൽ പ്രവേശിപ്പിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഒരു മാസത്തെ ചികിത്സകൾക്കു ശേഷമാണ് പെൺകുട്ടി അപകടനില തരണംചെയ്തത്.
ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര് അപകടത്തില്‍ മരിച്ചു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെതിരെയാണ് പെണ്‍കുട്ടി ബലാല്‍സംഗ പരാതി നല്‍കിയിട്ടുള്ളത്. ജോലി അന്വേഷിച്ചെത്തിയ തന്നെ എംഎല്‍എ മാനഭംഗത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.