ഉ ന്നാവോ(യുപി): ഉത്തർപ്രദേശിലെ ഉന്നാവോയിൽ മാനഭംഗത്തിനിരയായ മറ്റൊരു പെൺകുട്ടിക്കു നേരേയും കൊടുംക്രൂരത. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോയ പെൺകുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ഇന്നലെ വൈകുന്നേരം വിമാനത്തിൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് പെൺകുട്ടി. ഇന്നലെ പുലർച്ചെയാണ് ആക്രമണം.
അഞ്ചു പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി ഒ.പി. സിംഗ് അറിയിച്ചു. റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണമെന്നു പെൺകുട്ടിയുടെ മൊഴിയിലുണ്ട്. ഉന്നാവോയിലെ ഹിന്ദുനഗറിൽവച്ച് അഞ്ചംഗസംഘമാണു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ൽ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
പൊള്ളലേറ്റ പെൺകുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്നു ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. ഇതിനുശേഷമാണു വൈദ്യസഹായം ലഭിച്ചത്. പരിക്ക് ഗുരുതരമാണെന്നു കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്ക് ലക്നോയിലേക്കു മാറ്റുകയായിരുന്നു. ക്രമസമാധാന നില മികച്ചതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാനമുഖ്യമന്ത്രിയും പറഞ്ഞത് കഴിഞ്ഞദിവസമാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു.
ഉന്നാവോയിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗർ പ്രതിയായ മറ്റൊരു മാനഭംഗക്കേസിലെ ഇരയും സമാനമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോവുകയായിരുന്ന പെൺകുട്ടിയെയും കുടുംബത്തെയും പ്രതികൾ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ ഉറ്റബന്ധുക്കൾ അപകടത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.