ന്യൂഡൽഹി: ഈ നാട്ടിൽ പെൺകുഞ്ഞുങ്ങളെ വളർത്താനാവില്ലെന്ന് വിലപിച്ച് സ്വന്തം മകളെ ചുട്ടുകൊല്ലാൻ അമ്മയുടെ ശ്രമം. ഉന്നാവോ പെൺകുട്ടി ചികിത്സയിലായിരുന്ന ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. പോലീസ് ഇടപെടലിനെ തുടർന്ന് കുട്ടിയെ രക്ഷപെടുത്താനായി.
ഉന്നാവോ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായെത്തിയ സ്ത്രീയാണ് ആറുവയസുകാരിയായ സ്വന്തം മകളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവിടെ പെൺകുട്ടികളെ വളർത്താൻ കഴിയില്ലെന്ന് പറഞ്ഞ് ഇവർ കുട്ടിയുടെ ദേഹത്തേക്ക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് ഇവരെ പിടിച്ചുമാറ്റി. കുഞ്ഞിനെയും ഇവിടെനിന്നു മാറ്റി. ഇരുവരേയും പിന്നീട് സഫ്ദർജംഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഉന്നാവോ പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിൽനിന്നും മാറ്റിയ ശേഷം പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പോലീസ് മാറ്റുന്നതിനിടെയായിരുന്നു പെൺകുട്ടിയെ തീകൊളുത്താൻ ശ്രമം നടന്നത്. രാഷ്ട്രീയ സംഘടനകളുടെയൊന്നും പിന്തുണയില്ലാതെയാണ് സഫ്ദർജംഗ് ആശുപത്രിക്കു മുന്നിൽ നിരവധി പേർ പ്രതിഷേധവുമായി എത്തിയത്. നൂറുകണക്കിന് അമ്മമാർ കൈക്കുഞ്ഞുങ്ങളുമായാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.