കോതമംഗലം: വികസനം വഴിമുട്ടിയ ഊന്നുകൽ-വെങ്ങല്ലൂർ സംസ്ഥാന പാതയിൽ മനുഷ്യജീവന് പുല്ലുവില. 20 കിലോമീറ്റർ ദൈർഘ്യമുള്ള ഊന്നുകൽ വെങ്ങല്ലൂർ റോഡിൽ വിവിധ ഇടങ്ങളിൽ റോഡ് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലാണ്.
ഊന്നുകല്ലിന് സമീപവും വെളിച്ചെണ്ണ കണ്ടത്തും റോഡുൾപ്പെടെ വശങ്ങൾ പൂർണമായും ഇടിഞ്ഞിട്ട് നാളുകളേറെയായി. നിലവിലുള്ള പാത ഇടുങ്ങിയതും വളവുകളും തിരിവുകളും നിറഞ്ഞതുമാണ്. വളവുകളോട് ചേർന്ന ഭാഗത്താണ് റോഡിന് കുടുതലായും നാശവും സംഭവിച്ചിരിക്കുന്നത്.
വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ കാടു പടലങ്ങൾ നിറഞ്ഞിരിക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഭാഗ്യം കൊണ്ടാണ് പലപ്പോഴും അപകടത്തിൽ നിന്നും രക്ഷപെട്ടുന്നത്.
ടോറസ് പോലുള്ള ഭാരവാഹങ്ങളും നിരവധി യാത്രാ ബസുകളുമുൾപടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡിലൂടെ കടന്നുപോകുന്നത്.
മഴക്കാലത്ത് ടാറിട്ടഭാഗത്തിന് സമീപത്തെ മണ്ണ് ഒലിച്ചുപോയി ആഴമുള്ള കുഴികൾ രൂപപ്പെടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇത്രയേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡ് എത്രയും വേഗം വളവുകൾ നിവർത്തി വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.